കുറവിലങ്ങാട്: ജനങ്ങൾ വർഷങ്ങളായി വികസനം ആഗ്രഹിക്കുന്ന കോഴാ - ഞീഴൂർ റോഡ് ബി.എം & ബി.സി ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകി സത്വര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ലഭിക്കുന്ന ആദ്യത്തെ കൂടിയ ഫണ്ട് കോഴാ - ഞീഴൂർ റോഡ് വികസനത്തിന് മാറ്റി വെയ്ക്കുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് പുതിയ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി എം.എൽ.എ ചൂണ്ടിക്കാട്ടി. നിരവധി ബസ് സർവ്വീസുകൾ ഉണ്ടെങ്കിലും ഉന്നത നിലവാരത്തിലേക്ക് റോഡിനെ മാറ്റാൻ കഴിയാത്തത് മൂലം വിവിധ പ്രതിസന്ധികളാണ് ഉണ്ടായിട്ടുള്ളത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ബഡ്ജറ്റിൽ റോഡ് വികസനം ഉൾപ്പെടുത്തിയെങ്കിലും കിഫ്ബി പദ്ധതിയുടെ ഭാഗമായി സർക്കാർ കോഴാ - ഞീഴൂർ റോഡ് ചേർത്തതിനെ തുടർന്നാണ് വികസന പ്രതിസന്ധിക്ക് ഇടയാക്കിയത്. ധന വകുപ്പും, കിഫ്ബിയും മുന്നോട്ട് വെച്ച നിർദേശം 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കണമെന്നാണ് കോഴാ - ഞീഴൂർ റോഡിൽ പ്രായോഗികമായി ഇത് നടപ്പാക്കാൻ കഴിയാത്ത കാര്യമാണെന്ന് സർക്കാരിനെ അറിയിക്കുകയുണ്ടായി.
നിലവിലുള്ള 8 മീറ്റർ വീതിയിൽ റോഡ് വികസനത്തിന് അനുമതി കിട്ടണമെന്ന ആവശ്യമാണ് തുടക്കം മുതൽ ഉന്നയിച്ച് വരുന്നതെന്ന് എം.എൽ.എ വ്യക്തമാക്കി. ഇതു പ്രകാരമുള്ള കോഴാ - ഞീഴൂർ റോഡിന്റെ ഭാവി വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കുറവിലങ്ങാട് - ഞീഴൂർ പഞ്ചായത്തുകളിലെ വിവിധ ജന പ്രതിനിധികളെയും, രാഷ്ട്രീയ കക്ഷി നേതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ട് പ്രാദേശികാടിസ്ഥാനത്തിലുള്ള സർവ്വകക്ഷി യോഗം പ്രഥമ നിയമസഭാ സമ്മേളനം തീർന്നാലുടനെ വിളിച്ച് ചേർക്കുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. നാടിന്റെ വികസന രംഗത്ത് ഏറ്റവും സുപ്രധാനമായ ഇക്കാര്യം നേടിയെടുക്കാൻ മുഴുവൻ ജനങ്ങളുടെയും, കൂട്ടായ സഹകരണം ഉണ്ടാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.
കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മുൻഗണന നൽകി നവീകരിക്കാനുള്ളതും, ശോച്യാവസ്ഥയിൽ കിടക്കുന്നതുമായ വിവിധ റോഡുകളുടെ ലിസ്റ്റ് തയ്യാറാക്കി സർക്കാരിലേക്ക് വീണ്ടും സമർപ്പിക്കുന്നതാണ്. പരമാവധി ഫണ്ട് നേടിയെടുക്കുന്നതിന് ആത്മാർത്ഥമായ പരിശ്രമം ആദ്യഘട്ടത്തിൽ തന്നെ നടത്തുമെന്ന് മോൻസ് ജോസഫ് അറിയിച്ചു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ഉടനെ വിളിച്ച് ചേർക്കുന്നതാണ്.
0 Comments