കിടങ്ങൂർ - അയർക്കുന്നം റോഡിൽ ഹൈവേ ജംഗ്ഷനും കിടങ്ങൂർ ക്ഷേത്രം ജംഗ്ഷനും ഇടയിലുള്ള മോനിപ്പള്ളി വളവിനു സമീപം മഴക്കാലത്ത് വെള്ളം കയറുന്നത് പതിവുകാഴ്ചയാണ്. പലപ്പോഴും നാല് അടി വരെ ഉയരത്തിൽ വെള്ളം ഒഴുകിയെത്തുന്നതോടെ ഈ റൂട്ടിലെ ഗതാഗതവും തടസപ്പെടും. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയും മഴവെള്ളം കുതിച്ചെത്തുകയും ചെയ്യുമ്പോഴാണ് റോഡിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. മുൻകാലങ്ങളിൽ മഴവെള്ളം ഒഴുകി പോയിരുന്ന ചാലുകൾ പലതും അടഞ്ഞു പോകുകയും പുതിയ നിർമ്മാണപ്രവർത്തനങ്ങൾ മൂലം ഒഴുക്ക് തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. തുടർച്ചയായി വെള്ളക്കെട്ടും ഗതാഗത തടസവുമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ അധികൃതർ ശ്രമം തുടരുന്നുണ്ടെങ്കിലും വ്യത്യസ്ത കാരണങ്ങളാൽ എതിർ സ്വരങ്ങളും ഉയരുന്നുണ്ട്. ഇതുമൂലം നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞദിവസം ഈ ഭാഗത്ത് ഇറിഗേഷൻ കനാൽ വഴി വെള്ളം ഒഴുക്കുന്നതിനുള്ള ശ്രമവും തടസ്സപ്പെട്ടിരുന്നു. സ്ലാബ് ഇട്ട് മൂടി നടപ്പാതയാക്കി മാറ്റിയ ഭാഗത്തുകൂടി വെള്ളം ഒഴുകി എത്തുമ്പോൾ മണ്ണും ചെളിയും കയറി അടയുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും, മുണ്ടകപ്പാടത്തെ കൃഷിയെ ബാധിക്കുന്ന സാഹചര്യവുമാണ് എതിർപ്പിന് കാരണമായത്. എന്നാൽ മോനിപ്പള്ളി വളവിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുകയും ഇതുവഴിയുള്ള ഗതാഗത തടസ്സം ഒഴിവാകുകയും വേണമെന്നാണ് ആവശ്യമുയരുന്നതെന്ന് പഞ്ചായത്തംഗം രശ്മി രാജേഷ് പറഞ്ഞു.
ഇക്കാര്യത്തിൽ എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനം ഉണ്ടാകാൻ പഞ്ചായത്തും പൊതുപ്രവർത്തകരും ജനപ്രതിനിധികളും പരിസ്ഥിതിപ്രവർത്തകരും അഭിപ്രായസമന്വയം ഉണ്ടാക്കേണ്ടതുമുണ്ട്. ഇറിഗേഷൻ കനാൽ വഴി വെള്ളം ഒഴുക്കി വിടാൻ ഉള്ള ഒരു സാധ്യതയും, പുതുതായി കലുങ്ക് നിർമ്മിച്ച് മേക്കാട്ട് തോട് വഴി വെള്ളം ഒഴുക്കി വിടാൻ ഉള്ള മറ്റൊരു സാധ്യതയുമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ രണ്ടു പദ്ധതികൾക്കുമെതിരെ എതിർപ്പും ശക്തമാണ്. മോനിപ്പള്ളി വളവിലെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന പൊതു ആവശ്യം യാഥാർഥ്യമാക്കാൻ നിലവിലുള്ള രണ്ട് സാധ്യതകളിൽ ഒന്ന് ഉപയോഗപ്പെടുത്തണം. ഇതിനായി അഭിപ്രായ സമന്വയം ഉണ്ടാക്കാൻ അധികൃതർ മുന്നോട്ട് വരണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
0 Comments