പാലായില്‍ മദ്യവും, മയക്കുമരുന്നും ഉപയോഗിക്കാനെത്തുന്നവര്‍ സൂക്ഷിക്കുക. പാലാ സി.ഐ കെ.പി ടോംസണും സംഘവും നിങ്ങള്‍ക്കു പിന്നാലെ ഉണ്ടാവും. കഴിഞ്ഞ ദിവസം മീനച്ചിലാറിന്റെ തീരത്തിരുന്ന് മദ്യപിക്കാനായി എത്തിയ യുവാക്കള്‍ പോലീസ് വരുമോ എന്ന് ചോദിച്ചത് മഫ്തിയിലെത്തിയ സി.ഐ കെ.പി ടോംസണോടായിരുന്നു. മദ്യത്തിന്റേയും, ലഹരി മരുന്നിന്റേയും വ്യാപനം തടയുന്നതിനായി സ്‌ക്വാഡുകാര്‍ക്കൊപ്പം മഫ്തി വേഷത്തിലെത്തിയ സിഐയോടാണ് യുവാക്കള്‍ ആളറിയാതെ സംശയം ചോദിച്ചത്. സംശയം ചോദിച്ചെങ്കിലും മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ പടികളിറങ്ങിപ്പോയ യുവാക്കള്‍ ബിയര്‍ കുപ്പി തുറന്നപ്പോഴേക്കും സ്‌ക്വാഡിലെ അംഗങ്ങളെത്തി പിടികൂടി. സംശയം ചോദിച്ചയാളെ തിരിഞ്ഞു നോക്കിയ യുവാക്കള്‍ക്ക് അത് സി.ഐ ആണെന്നറിഞ്ഞതോടെയാണ് അമളി പറ്റിയെന്നുറപ്പായത്. സംശയം ചോദിച്ച യുവാക്കളെത്തുന്നതിന് മുന്നേ ഈ ഭാഗത്തിരുന്ന് മദ്യപിച്ച ചിലരെ പോലീസ് പിടികൂടിയിരുന്നു. ആളറിയാതെയാണെങ്കിലും പോലീസ് എത്തുമോ എന്ന ചോദ്യം കേള്‍ക്കേണ്ടി വന്നത് സി.ഐ യ്ക്കും പുതിയ അനുഭവമായി.
0 Comments