ഗവേഷണ റാങ്കിങ്ങ് രംഗത്തെ പ്രശസ്തരായ എ.ഡി. സൈന്റിഫിക് ഇൻഡക്‌സ് ലോകത്തിലെ ശാസ്ത്രജ്ഞൻമാർക്കായി നടത്തിയ റാങ്കിങ്ങിൽ കേരളത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറും നാനോ-പോളിമർ സയൻസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്. ശാസ്ത്രജ്ഞമാരുടെ ഗവേഷണ ഫലങ്ങളേയും ഗവേഷണ പ്രവർത്തനങ്ങളെയും ശാസ്ത്രീയമായി മൂല്യനിർണയം നടത്തുന്ന എച്ച്. സൂചിക, ഐ-10 സൂചിക, മറ്റ് ഗവേഷണ പ്രബന്ധങ്ങളിൽ ഉപയോഗിച്ചിട്ടുളള സൈറ്റേഷൻ (ഉദ്ധരണികൾ) തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത് പ്രൊഫ. സാബു തോമസാണ്. ഇക്കാര്യങ്ങളിലെല്ലാം ആകെയുള്ള സ്‌കോറും കഴിഞ്ഞ അഞ്ചു വർഷത്തെ സ്‌കോറും പ്രത്യേകമായി പരിഗണിച്ചാണ് റാങ്കിങ്ങ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രൊഫ. സാബു തോമസിന് എച്ച്-സൂചികയിൽ ആകെ 120 സ്‌കോറും ഐ-10 സൂചികയിൽ ആകെ 988 സ്‌കോറും ലഭിച്ചിട്ടുണ്ട്. പ്രൊഫ. സാബു തോമസിന്റെ ഗവേഷണ പ്രബന്ധങ്ങളിൽ നിന്നുള്ള 70681 ഉദ്ധരണികൾ (സൈറ്റേഷൻ) മറ്റ് ഗവേഷകർ അവരുടെ പ്രബന്ധങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിൽ എച്ച്-സൂചികയിൽ 19-ാം സ്ഥാനവും ഐ-10 സൂചികയിൽ 8-ാം സ്ഥാനവും സൈറ്റേഷനുകളുടെ കാര്യത്തിൽ 29-ാം സ്ഥാനവുമാണ് അദ്ദേഹത്തിനുള്ളത്.
ലോകറാങ്കിങ്ങിൽ ഇത് യഥാക്രമം 2513, 325, 3206 എന്ന ക്രമത്തിലാണ്. ഏഷ്യയിൽ എച്ച് സൂചികയിൽ പ്രൊഫ. സാബു തോമസിന് 180-ാം റാങ്കും ഐ-10 സൂചികയിൽ 77-ാം റാങ്കും സൈറ്റേഷനുകളുടെ കാര്യത്തിൽ 222-ാം റാങ്കുമാണുള്ളത്.
0 Comments