Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ.വി.ബി ബിനു സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി



സിപിഐ ജില്ലാ സെക്രട്ടറിയായി അഡ്വ.വി.ബി ബിനുവിനെ തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു വോട്ടെടുപ്പിലൂടെയാണ് അഡ്വ.വി.ബി ബിനുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായി വി.കെ സന്തോഷ്‌കുമാറിനെയാണ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം ഇതിനെ എതിര്‍ത്ത് രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്. 51 അംഗ ജില്ലാ കമ്മിറ്റിയില്‍ 29 പേര്‍ വി.ബി ബിനുവിനെ പിന്തുണച്ചപ്പോള്‍ 21 പേരാണ് സന്തോഷ് കുമാറിനെ അനുകൂലിച്ചത്. ജില്ലാ കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തെങ്കിലും പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വോട്ടെടുപ്പിലേയ്ക്കു കാര്യങ്ങള്‍ എത്തിച്ചത്. എന്നാല്‍, വോട്ടെടുപ്പ് ഒഴിവാക്കുന്നതിനായി സംസ്ഥാന നേതൃത്വം കര്‍ശനമായ ഇടപെടല്‍ നടത്തിയെങ്കിലും ഇരുവിഭാഗങ്ങളും പിന്മാറാന്‍ തയ്യാറായില്ല. രണ്ടു ദിവസമായി ഏറ്റുമാനൂരില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ തിങ്കളാഴ്ചയാണ് പ്രതിനിധികള്‍ ചേര്‍ന്ന് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. 51 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം ജില്ലാ കമ്മിറ്റിയുടെ ആദ്യ യോഗം ചേരുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ആദ്യവട്ടം ജില്ലാ കമ്മിറ്റി ചേര്‍ന്നു സന്തോഷ് കുമാറിന്റെ പേര് ചര്‍ച്ച ചെയ്തു. എന്നാല്‍, പ്രതിനിധികള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് രണ്ടാം തവണയും ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു. സന്തോഷ് കുമാറിനു പകരം അഡ്വ.വി.ബി ബിനുവിന്റെ പേരാണ് എതിര്‍ വിഭാഗം മുന്നോട്ട് വച്ചത്.  കാനത്തിന്റെ സ്ഥാനാര്‍ത്ഥിയായ സന്തോഷ് കുമാറിനെ തോല്‍പ്പിച്ചാണ് ഇസ്മയില്‍ പക്ഷക്കാരനായ വി.ബി. ബിനു 8 വോട്ടിന്റെ വ്യത്യാസത്തില്‍ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായത്. കെ.ഇ ഇസ്മെയില്‍, ഇ.ചന്ദ്രശേഖരന്‍ , സി.എന്‍ ചന്ദ്രന്‍, പി.വസന്തം, സത്യന്‍ മൊകേരി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്.





Post a Comment

0 Comments