ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതാവുന്ന അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സാ സഹായമെത്തിക്കാന്‍ മാണി സി കാപ്പന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. കൊഴുവനാല്‍ വയലില്‍ മനു-സ്മിത ദമ്പതികളുടെ മക്കളായ സാന്‍ ടിന്‍ (8 ), സാന്റിനോ (3 )എന്നിവര്‍ക്കാണ് സന്മനസുള്ളവരുടെ സഹകരണത്തോടെ സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കണ്‍ജനിറ്റല്‍ അഡ്രിനല്‍ ഹൈപ്പര്‍ പ്ലാസിയ എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയ്ക്കായി വലിയ തുകയാണ് വേണ്ടി വരുന്നത്. CAH രോഗബാധിതരായ കുട്ടികള്‍ക്ക് ജീവിത കാലം മുഴുവന്‍ ചികിത്സ ആവശ്യമായി വരും. ഹോര്‍മോണ്‍ ഉത്പാദനമില്ലാത്തതു കൊണ്ട് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അനുപാതത്തിലും മാറ്റം വരും. കൊച്ചു കുട്ടികള്‍ രോഗബാധിതരായതോടെ നഴ്‌സുമാരായ മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. ഇവരുടെ ചികിത്സാ സഹായത്തിനായി സന്മനസ്സുള്ളവരുടെ സഹായമഭ്യര്‍ത്ഥിക്കാന്‍ അരുണാപുരം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ചികിത്സയ്കായി വന്‍തുക ആവശ്യമായി വരുന്ന സാഹചര്യത്തില്‍ വിദേശ മലയാളികളാക്കുള്ളവരുടെ സഹായം തേടുമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന എംഎല്‍എ പറഞ്ഞു. ചികിത്സാ സഹായ നിധി സ്വീകരിക്കുന്നതിനായി ബാങ്കില്‍ ജോയന്റ് അക്കൗണ്ട് തുറക്കും. കോടതിയും, ജനപ്രതിനിധികളും, മാധ്യമങ്ങളും, പൊതുജനങ്ങളുമെല്ലാം കുടുംബത്തിന് സഹായമെത്തിക്കാന്‍ ശ്രമിക്കുന്നത് മാത്രമാണ് സ്വന്തമായുള്ള വീടും സ്ഥലവുമെല്ലാം പണയപ്പെടുത്തി അപൂര്‍വ്വ രോഗബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നത്.
0 Comments