കോട്ടയം നഗരമധ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. കോട്ടയം താഴത്തങ്ങാടി വേളൂര്‍, വേളൂര്‍ത്തറ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്റ് വില്ലയില്‍ ഷബീര്‍ (32) എന്നിവരെയാണ് വെസ്റ്റ് എസ്.എച്ച്.ഒ പ്രശാന്ത് കുമാര്‍, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും സുഹൃത്തും നഗരമധ്യത്തിലെ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. രാത്രിയില്‍ വിദ്യാര്‍ത്ഥിനിയുമായി കറങ്ങി നടക്കുന്നത് എന്തിനാണെന്ന് ചോദിച്ചാണ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അക്രമ സംഘം പിന്തുടര്‍ന്നെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച രാത്രി 10.30 ഓടെ കോളേജ് ഇലക്ഷന്‍ വര്‍ക്കിന് ശേഷം, ഭക്ഷണം കഴിയ്ക്കുന്നതിനായി വിദ്യാര്‍ത്ഥിനിയും സുഹൃത്തും തിരുനക്കര തെക്കുംഗോപുരത്തിന് സമീപത്തെ തട്ടുകടയിലെത്തി. ഭക്ഷണം കഴിയ്ക്കുന്നതിനിടെ, വിദ്യാര്‍ത്ഥിനിയോട് അക്രമി സംഘം മോശം ഭാഷയില്‍ സംസാരിക്കുകയും, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇതിനിടെ ചാലുകുന്നു ഭാഗത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ കാണാന്‍ ജനറല്‍ ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ പോയ ഇവരെ അക്രമി സംഘം സ്വിഫ്റ്റ് കാറില്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. തിരുനക്കര തെക്കേ നടയുടെ ഭാഗത്തായി സ്‌കൂട്ടറിന് മുന്നില്‍ കാര്‍ വട്ടം വെച്ച് തടഞ്ഞ ശേഷം ഇവരെ ചീത്തവിളിച്ചു. ഇവര്‍ പ്രതികരിക്കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനായി വണ്ടിയെടുത്തെങ്കിലും വീണ്ടും അക്രമിസംഘം പിന്തുടര്‍ന്നെത്തി വിദ്യാര്‍ത്ഥിനിയോട് കയര്‍ത്ത് സംസാരിക്കുകയും കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും ഇറങ്ങി ആണ്‍സുഹൃത്തിനെ അടിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇരുവരെയും ക്രൂരമായി മര്‍ദിച്ചും, വലിച്ചിഴച്ചും തിരുനക്കര ഭാഗത്ത് നിന്നും സെന്‍ട്രല്‍ ജംഗ്ഷന്‍ വരെയെത്തിച്ച് അക്രമണം തുടര്‍ന്നുവെന്ന് ഇരുവരും പറഞ്ഞു. പത്ത് മിനിട്ടോളം ക്രൂരമായി അക്രമികള്‍ മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കാണികളായി നില്‍ക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വെസ്റ്റ് പൊലീസിലെ കണ്‍ട്രോള്‍ റൂമിലെ സി.സി.ടി.വിയില്‍ മര്‍ദ്ദന ദൃശ്യം കണ്ടതിനെ തുടന്ന്, സെന്‍ട്രല്‍ ജംഗ്ഷന് സമീപം പട്രോളിംഗിലുണ്ടായിരുന്ന പൊലീസിനെ വിവരമറിയിക്കുകയും ഉടന്‍ തന്നെ വെസ്റ്റ് പൊലീസും സ്ഥലത്തെത്തി അക്രമികളെ പിടികൂടുകയും പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം, പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.
0 Comments