വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടിയ കേസില്‍ 2 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കല്‍ അയ്യപ്പഭവനത്തില്‍ ദേവി (35), കൊല്ലം കലയപുരം പുത്തന്‍വീട്ടില്‍ സുമതി (45) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വര്‍ണം കൈവശപ്പെടുത്തുകയായിരുന്നു. നിലവില്‍ കിടങ്ങൂര്‍ അമ്മാവന്‍പടി ഭാഗത്ത് ഫ്ളാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും, സുമതിയും. കത്തി, വാക്കത്തി എന്നിവ വീടുകള്‍ തോറും കയറി വില്പനയ്ക്ക് നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വീട്ടമ്മയോട് നിങ്ങളുടെ വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വര്‍ണ്ണം കൊണ്ട് കുരിശു പണിതാല്‍ മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നും പലപ്പോഴായി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. വീട്ടമ്മക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും , തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന് എസ്.ഐ പ്രശോഭ്, ബിജു, സ്റ്റാന്‍ലി, സി.പി.ഒ മാരായ നിസ്സ, ശാരിമോള്‍, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments