പൂഞ്ഞാര്‍ കുന്നോന്നിയില്‍ പാറമടക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോലത്തടം കുഴുമ്പള്ളി സ്വദേശി രഞ്ജിത്ത് രാമകൃഷ്ണനാണ് മരിച്ചത്. രാവിലെ കുന്നോന്നി ഈന്തുംപള്ളിയിലാണ് സംഭവമുണ്ടായത്. പ്രദേശത്ത് റബര്‍ ടാപ്പിംഗ് തൊഴിലാളിയായ രഞ്ജിത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തല്‍ വശമുള്ളയാളാണ് രജ്ഞിത്ത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലെ തണുപ്പില്‍ കൈകാലുകള്‍ കോച്ചിയതാവും അപകടകാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍, ഫയര്‍ ഓഫീസര്‍ സുനു മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
0 Comments