അയ്മനം ഫെസ്റ്റ് അരങ്ങ് 2022 സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പിന്റെയും, അയ്മനം പഞ്ചായത്തിന്റെയും, അയ്മന,ം കുടമാളൂര്‍, മര്യാ തുരുത്ത് സഹകരണ ബാങ്കുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് അരങ്ങ് 2022 സംഘടിപ്പിച്ചത്. 'അയ്മനം ഫെസ്റ്റ്' നാടിന്റെ സാംസ്‌ക്കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നാടിന്റെ ഒത്തൊരുമയുടെ വിജയമാണ് അയ്മനം ഫെസ്റ്റ്. അന്യംനിന്നു പോയ പല കലാരൂപങ്ങളും ഫെസ്റ്റിലൂടെ തിരികെ കൊണ്ടു വരാനായി. അയ്മനത്തിന്റെ ടൂറിസം മേഖലയിലെ അനന്തസാധ്യതകള്‍ ഫെസ്റ്റില്‍ ചര്‍ച്ചയായി. നാടിന്റെ സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ മുന്നേറ്റം കൂടിയാണ് അയ്മനം ഫെസ്റ്റ് ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു. സമാപന സമ്മേളനത്തിനു മുന്നോടിയായി കുടയംപടിയില്‍ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. ഗരുഡന്‍ തൂക്കം, കഥകളി, കോല്‍ക്കളി, അമ്മന്‍കുടം തുടങ്ങിയ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രക്കു പകിട്ടേകി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്കു മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. അയ്മനത്തിന്റെ സാമ്പത്തിക, സാമൂഹിക, തൊഴില്‍ രംഗങ്ങളില്‍ സംഭാവനകള്‍ നല്‍കിയ സംരംഭകരേയും മന്ത്രി വി.എന്‍. വാസവന്‍ യോഗത്തില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആര്‍. ജഗദീഷ്, വിജി രാജേഷ്, അയ്മനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ഭാനു, ജനറല്‍ കണ്‍വീനര്‍ പ്രമോദ് ചന്ദ്രന്‍ , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൗമ്യാ മോള്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments