ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ വിളംബര റാലിയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. പള്ളിക്കവലയിലെ ബസ് ടെര്‍മിനലില്‍ നടന്ന സംഗമം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ സമൂഹത്തോട് ചേര്‍ത്ത് നിര്‍ത്തി അവരുടെ കഴിവുകള്‍ സമൂഹത്തിന് ഗുണകരമാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സര്‍ക്കാരും സന്നദ്ധ സംഘടനകളും കൂട്ടായ ശ്രമങ്ങള്‍ ഇതിനായി നടത്തണമെന്നും എംപി അഭിപ്രായപ്പെട്ടു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരെ സംരക്ഷിക്കുവാന്‍ ഉള്ള ഉത്തരവാദിത്വം എല്ലാ വിഭാഗം ആളുകളും ഏറ്റെടുക്കണമെന്നും കൂട്ടായ പരിശ്രമങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും മോന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അല്‍ഫോന്‍സാ ജോസഫും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ബിജുവും ചേര്‍ന്ന് ഫ്‌ലാഗ് ചെയ്തു. സ്‌പെഷ്യല്‍ സ്‌കൂള്‍ ബാന്‍ഡ് മേളം, സൈക്കിള്‍ റാലി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, റെഡ് ക്രോസ് യൂണിറ്റുകളും റാലിയില്‍ പങ്കുചേര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി,ബിപിസി സതീഷ് ജോസഫ്,പഞ്ചായത്ത് അംഗo ജോയ്‌സ് അലക്‌സ്, ബി ആര്‍ സി സ്റ്റാഫ് പ്രതിനിധികളായ റീന രാജു, ജോഷി, വിനീത, രമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
0 Comments