കോവിഡ് കാലഘട്ടത്തിനുശേഷം സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയാണ് ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ നമ്പ്യാകുളം ജംഗ്ഷന്‍ സമീപം പാതയോരത്ത് ഒതുക്കിയിട്ടിരിക്കുന്ന ശിവപാര്‍വതി ബസ് . കോവിഡ് പ്രതിസന്ധി മാറിയെങ്കിലും പിന്നീട് വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുവാനോ റോഡ് ടാക്‌സും ഇന്‍ഷുറന്‍സും അടയ്ക്കുവാനോ ഉടമയ്ക്ക് കഴിയാതെ വന്നതോടെയാണ് ശിവ പാര്‍വതി ബസ് സര്‍വീസ് നിര്‍ത്തിയത്. ഇപ്പോള്‍ സിനിമാ പോസ്റ്ററുകളൊട്ടിക്കുന്ന പരസ്യപ്പലകയായി മാറിയിരിക്കുകയാണ് ബസ് . കടപ്പൂര്‍,കൂടല്ലൂര്‍, വയലാ, മടയകുന്ന് തുടങ്ങിയ ഗ്രാമീണ റോഡുകളിലൂടെ സര്‍വീസ് നടത്തിയിരുന്ന ബസ്സിനെ ആശ്രയിച്ചിരുന്നവരും ഇപ്പോള്‍ യാത്രാ ക്ലേശത്തിലാണ്. ഇന്ന് ബസ്സിന്റെ മുന്‍വശത്തെ കണ്ണാടി ചില്ലുകള്‍ പോലും മറയത്തക്ക വിധം സിനിമ പോസ്റ്ററുകളാണ്. ബസ് സര്‍വീസ് നിലച്ചതോടെ ബസ്സുടമ കടക്കണിയിലുമായി. KSRTC അടക്കമുള്ള ബസ് വ്യവസായം പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാവുമ്പോള്‍ ഗ്രാമീണ മേഖലകളില്‍ ഒരു കാലഘട്ടത്തില്‍ നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയിരുന്ന ബസുകളില്‍ പലതിന്റെയും ഓട്ടം നിലച്ചിരിക്കുകയാണ്.
0 Comments