കടുത്തുരുത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കുന്നശ്ശേരി ഫോറത്തിന്റെ ആദ്യ മഹാ കുടുംബ സംഗമം വെള്ളിയാഴ്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറാന ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. കുടുംബയോഗത്തിന് ശേഷം നടന്ന പൊതുസമ്മേളനം കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കട്ട് ഉദ്ഘാടനം ചെയ്തു. ക്‌നാനായ ക്രൈസ്തവ സമൂഹത്തിന് കുന്നശ്ശേരി കുടുംബം നല്‍കിയ സംഭാവനകളെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് അനുസ്മരിച്ചു. ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷനായിരുന്നു. കുന്നശ്ശേരി കുടുംബ ചരിത്ര പുസ്തകത്തിന്റെ പ്രകാശനം ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. കുര്യാക്കോസ് മാര്‍ സെവേറിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ വിശിഷ്ട അതിഥികളെ ആദരിച്ചു.കുന്നശ്ശേരി ഗ്ലോബല്‍ ഫോറം പ്രസിഡന്റ് തോമസ് അരക്കത്തറ ഫോറത്തിന്റെ ഭാവി പദ്ധതികളെയും ലക്ഷ്യങ്ങളെയും കുറിച്ച് വിശദീകരിച്ചു. ജസ്റ്റിസ് സിറിയക്ക് ജോസഫ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ലോഗോ പ്രകാശനവും, ആന്റോ ആന്റണി എം.പി വെബ്‌സൈറ്റ് പ്രകാശനവും നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി ഡിജിറ്റല്‍ ഡയറിയുടെയും, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഫാമിലി ട്രീയുടെയും പ്രകാശനം നടത്തി, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്, ഷെവലിയര്‍ അഡ്വക്കേറ്റ് ജോയ് ജോസഫ് കൊടിയന്തറ,സാവിയോ കുന്നശ്ശേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുന്നശ്ശേരി കുടുംബത്തിന്റെ പൂര്‍വിക സ്വത്തുകളായ വടക്കുംകൂര്‍ സാമ്രാജ്യത്തിലെ മന്ത്രിയുടെ വെള്ളിപിടിയുള്ള വാളും, സേനാധിപന്റെ ചെമ്പ് പിടിയുള്ള വാളും ചടങ്ങില്‍ പ്രദര്‍ശനത്തിനു വച്ചു. വരും വര്‍ഷങ്ങളില്‍ കുന്നശ്ശേരി കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യോഗം തീരുമാനമെടുത്തു.
0 Comments