മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിന് തന്നെ മാതൃകയായി മാറിയ കുടുംബശ്രീ പ്രസ്ഥാനം വലിയ സാമൂഹിക മാറ്റത്തിന് വഴി തുറന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. മാഞ്ഞൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രസ്ഥാനം സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ നാടിന്റെ വളര്‍ച്ചയ്ക്ക് വലിയ പങ്കു വഹിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. മാഞ്ഞൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് സിഡിഎസിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വര്‍ണ്ണശബളമായ ഘോഷയാത്രയും നടന്നു. തുടര്‍ന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. ബാങ്ക് ലിങ്കേജ് ജെ.എല്‍.ജി, ഡി.എഫ്.കെ, തൊഴിലുറപ്പ് പദ്ധതി, റിവോള്‍വിങ് ഫണ്ട്, ബാലസഭ, ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഹരിത കര്‍മ്മസേന, സ്‌നേഹിത കോളിംഗ് ബെല്‍, ഹര്‍ഷം, കുടുംബശ്രീ മാട്രിമോണി പദ്ധതി തുടങ്ങി സമസ്ത മേഖലകളിലും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ നേതൃത്വപരമായ മുന്നേറ്റം പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാല മുതിര്‍ന്ന കുടുംബശ്രീ പ്രവര്‍ത്തകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ നല്ല സംരംഭകയ്ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആന്‍സി മാത്യു, ലൂക്കോസ് മാക്കില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സാലിമ ജോളി, ചാക്കോ മത്തായി, ജൈനി തോമസ് പഞ്ചായത്ത് അംഗങ്ങളായ ബിനോ സക്കറിയ, സുനു ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments