കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ആര്‍പ്പുക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി ഗ്രാമം ദത്തെടുത്തു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗ്രാമം ദത്തെടുത്തത്. ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വഹിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സാമൂഹിക ബോധം ഉള്ളവരും, കരുണയും, സ്‌നേഹവും ഉള്ളവരുമായി സേവന പാതയില്‍ നിറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി.കെ ജയശ്രീ അധ്യക്ഷയായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ളവരായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വളരുന്നതിന് ഗ്രാമീണ ജനങ്ങളുടെ ജീവിതത്തെ അടുത്തറിയുവാനും അവരുടെ രോഗ വിവരങ്ങള്‍ ശേഖരിക്കുകയും, പഠന വിധേയമാക്കുന്നതിലൂടെയും സാധ്യമാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ് ശങ്കര്‍, കോളേജ് സൂപ്രണ്ട് ഡോക്ടര്‍ പി.കെ ജയകുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം എച്ച്.ഒ.ഡി ഡോക്ടര്‍ സൈറു ഫിലിപ്പ്, മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോക്ടര്‍ പി.ജി രാമകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, പഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി.കെ ഉഷ, കോളേജ് ഓഫ് ഫാര്‍മസി എച്ച്.ഒ.ഡി ഡോക്ടര്‍ പി.കെ വത്സലകുമാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments