പാലാ നഗരത്തില്‍ കടത്തിണ്ണകളില്‍ അന്തിയുറങ്ങിയിരുന്ന യാചകരെ പുനരധിവസിപ്പിക്കാന്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി രാത്രി കാലത്ത് കിടന്നുറങ്ങിയിരുന്ന യാചകരെയാണ് പാലാ മരിയസദനത്തില്‍ പ്രവര്‍ത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചത്. ഇവര്‍ക്ക് ആവശ്യമായ പരിചരണവും, ഭക്ഷണവും, കിടക്കാനുള്ള സൗകര്യവും മരിയസദനം ഡയറക്ടര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നല്‍കി.പലരും വളരെ മുഷിഞ്ഞ വേഷം ധരിച്ചവരും, രോഗാവസ്ഥയിലുള്ളവരുമായിരുന്നു. ചിലര്‍ മദ്യത്തിന് അടിമകളുമായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയുടേയും, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പിലിന്റെയും നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ എത്തി യാചകരെ കണ്ടെത്തി നീക്കിയത്. ഉത്സവ, തിരുനാള്‍ കാലഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നും നിരവധി യാചകര്‍ നഗരത്തിലെത്തുന്നത് പതിവാണ്. ഇതില്‍ ചിലര്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരുന്നു. പോലീസ്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരും യാചകരെ നീക്കം ചെയ്യുന്നതിനായി എത്തിയിരുന്നു.
0 Comments