കടപ്പുര് കിളികുളം ശ്രീ ഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. മകരവിളക്ക് ദിവസം വിശേഷാല്‍ പൂജകള്‍, ഗണപതിഹോമം, നെയ്യ് അഭിഷേകം, പുരാണ പാരായണം എന്നിവ നടന്നു. വൈകിട്ട് വെട്ടിക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്നും ക്ഷേത്ര സന്നിധിയിലേക്ക് ദേശ താലപ്പൊലി ഘോഷയാത്രയും നടന്നു. ക്ഷേത്രം പ്രസിഡന്റ് പി എന്‍ രവീന്ദ്രന്‍ നായര്‍, ഭദ്രദീപ പ്രകാശനം നടത്തി. ശ്രീധര്‍മ്മശാസ്താവിന്റെ ചിത്രം വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളുടെയും ഗരുഡന്‍ പറവയുടെയും അകമ്പടിയും ഉണ്ടായിരുന്നു. ദേശ താലപ്പൊലി ക്ഷേത്രസന്നിധിയില്‍ എത്തിയതോടെ വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച, പുഷ്പാഭിഷേകം കരിമരുന്ന് കലാപ്രകടനം എന്നിവയും നടന്നു. തുടര്‍ന്ന് കലാ സന്ധ്യയും മഹാപ്രസാദ ഊട്ടും നടന്നു.
0 Comments