മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ ഏറ്റുമുട്ടല്‍ വേദിയാവുന്നു. ഭരണസമിതി തെരഞ്ഞെടുപ്പ് ജനുവരി 12 വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ നാലു മണിവരെ സംഘം ഓഫീസില്‍ വച്ചാണ് നടക്കുന്നത്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണയോടെ ഇരു വിഭാഗം കേരള കോണ്‍ഗ്രസുകളും മത്സരരംഗത്ത് സജീവമാണ്. എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലായിരുന്ന മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണസംഘം നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്. ക്ഷീര സംഘത്തെ കടക്കെണിയില്‍ എത്തിച്ചെന്നും അര്‍ഹതയില്ലാത്തവര്‍ ഭരണസമിതിയില്‍ എത്തിയെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. ക്ഷീര കര്‍ഷകര്‍ അല്ലാത്തവര്‍ ഭരണസമിതിയില്‍ എത്തിയത് ക്ഷീര വികസന ഡയറക്ടര്‍ അസാധു ആക്കിയിരുന്നെന്നും, അയോഗ്യരാക്കിയ അത്തരക്കാര്‍ നിലവിലെ ഭരണസമിതിയിലേക്ക് മത്സരിക്കുന്നതായും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും യുഡിഎഫ് നേതാക്കളായ സി എം ജോര്‍ജ്, സുനു ജോര്‍ജ്, ലൂക്കോസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണസംഘം എല്ലാ അര്‍ത്ഥത്തിലും വളര്‍ച്ചയിലും പുരോഗതിയിലും ആണെന്ന് നിലവിലെ അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റി ചെയര്‍മാനും ക്ഷീരകര്‍ഷക സഹകരണ സ്ഥാനാര്‍ത്ഥിയുമായ ജോസ് ജേക്കബ് കുടിലില്‍ പറഞ്ഞു. മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിന് നിലവില്‍ 13 കളക്ഷന്‍ സെന്ററുകളും സ്വന്തമായ ചില്ലിംഗ് പ്ലാന്റും ഉണ്ട്. കൂടാതെ വൈദ്യുതി ചിലവ് കുറയ്ക്കുന്നതിനായി 12 കെ.വി സോളാര്‍ യൂണിറ്റും സംഘം സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍പേ തന്നെ ഓരോ ക്ഷീരകര്‍ഷകനും ശരാശരി ആറര രൂപ വിലവര്‍ധനവും നല്‍കുന്നുണ്ടെന്നും ജോസ് ജേക്കബ് കുടിലില്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ അല്ല കൂട്ടായ സഹകരണത്തോടെയുള്ള വിജയം ആണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 932 മെമ്പര്‍മാരാണ് മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ ഉള്ളത്.
0 Comments