എല്‍.ഡി.എഫ് ധാരണ പ്രകാരം രാജിവച്ച ശേഷമുള്ള നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പുറത്തായത് യു.ഡി.എഫ് അനൈക്യവും ചേരിപ്പോരുമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃയോഗം ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫില്‍ തര്‍ക്കം ആരോപിച്ച് പ്രചാരണം അഴിച്ചു വിട്ടവര്‍ ചര്‍ച്ചയാക്കേണ്ടത് യു.ഡി.എഫ് തമ്മിലടിയാണ്. നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും നഗരസഭാ പ്രതിപക്ഷ നേതാവും നിരവധി തവണ കൗണ്‍സിലറും പ്രൊഫസറുമായ പ്രൊഫ.സതീശ് ചൊള്ളാനിയാണ് വോട്ട് അസാധുവാക്കി സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധിച്ചിരിക്കുന്നത്. മറ്റൊരു യു.ഡി.എഫ് അംഗം വോട്ടു ചെയ്തില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സ്വന്തം മുന്നണി വോട്ടുകള്‍ പോലും നേടാനായില്ല. യു.ഡി.എഫ് പാര്‍ലമെന്റ്‌റി പാര്‍ട്ടി നേതാവിന്റെ വോട്ട് പോലും ഉറപ്പാക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്‍.ഡി.എഫ് ഒറ്റക്കെട്ടായി അണിനിരന്ന് മുന്നണി നിര്‍ദ്ദേശം നടപ്പാക്കി കെട്ടുറപ്പ് വെളിവാക്കി.എല്‍.ഡി.എഫിലെ ഐക്യം തകര്‍ന്നു എന്നു പ്രചരിപ്പിച്ചവര്‍ യു.ഡി.എഫിലെ കലഹം തിരിച്ചറിഞ്ഞില്ല. ജോസിന്‍ ബിനോയുടെ നേതൃത്വത്തിലുള്ള പുതിയ നഗരസഭാ ഭരണ സമിതിയുടെ വിജയത്തിനും എല്‍.ഡി.എഫ് നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുവാനും വിജയിപ്പിക്കുവാനും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പാലാ നഗരസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു സി.പി.എം അനുകൂല അംഗം നടത്തിയ പ്രതികരണം മുന്നണി ബന്ധത്തിനു ചേരാത്തതും കടുത്ത അച്ചടക്ക ലംഘനവുമാണ്. അദ്ദേഹത്തിന്റെ ആക്ഷേപവും പരിഹാസവും അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അത് വിലയിരുത്തി പരിഹാരം കാണുമെന്നാണ് വിശ്വാസം. ഈ പ്രതികരണം മുന്നണി വിരുദ്ധമാണ്. കേരള കോണ്‍ഗ്രസ് (എം)-നെ പ്രകോപിക്കാമോ എന്നും അണികള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാമോ എന്നുമാണ് ശ്രമിച്ചിരിക്കുന്നത്. വിഷയം എല്‍.ഡി.എഫില്‍ ഉന്നയിക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) നേതൃത്വം അറിയിച്ചു.
0 Comments