ഏറ്റുമാനൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ കരിയാറ്റുപുഴ വീട്ടിൽ ഹംസ മകൻ ഷെമീർ (33), ഏറ്റുമാനൂർ പേരൂർ ശങ്കരമല കോളനി ഭാഗത്ത് താനപ്പുരക്കൽ വീട്ടിൽ അഗസ്ത്യൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അനുമോൻ (32), ഏറ്റുമാനൂർ ശങ്കരമല കോളനി ഭാഗത്ത് ശങ്കരമല വീട്ടിൽ നൗഷാദ് മകൻ ഇർഷാദ് (32) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം കാരിത്താസ് ജംഗ്ഷന് സമീപം വച്ച് യുവാവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയായിരുന്നു. ജംഗ്ഷന് സമീപം യുവാവ് പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ കണ്ണാടി ഇവര്‍ തിരിക്കുകയും, ഇത് യുവാവ് ചോദ്യം ചെയ്തതിന് തുടർന്നായിരുന്നു ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്ത വിളിച്ച്, റോഡിൽ ഉണ്ടായിരുന്ന മരക്കമ്പെടുത്ത് ആക്രമിച്ചത്. തുടര്‍ന്ന് മർദ്ദനമേറ്റ് നിലത്തുവീണ യുവാവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 5500 രൂപയും കവർന്നുകൊണ്ട് ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ്,സി.പി.ഓ മാരായ ഡെന്നി, സിനോയ്, പ്രവീൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 Comments