വിശുദ്ധ ചാവറ പിതാവിന്റെ ദീര്‍ഘവീക്ഷണമുള്ള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരക ശക്തിയായിരുന്നുവെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. സ്‌കൂള്‍ തലങ്ങളില്‍ ചാവറ അച്ചന്‍ നടപ്പിലാക്കിയ ഉച്ചക്കഞ്ഞി വിതരണം നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സര്‍ക്കാരുകള്‍ പോലും ഏറ്റെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാന്നാനം കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ കബറിടം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഹാത്മാവാണ് വിശുദ്ധ ചാവറ പിതാവ് എന്നും ശശി തരൂര്‍ പറഞ്ഞു . സംസ്‌കൃത വിദ്യാലയം, പള്ളിയോടൊപ്പം പള്ളിക്കൂടം എന്നീ സങ്കല്പങ്ങള്‍ എല്ലാം നവോത്ഥാനത്തിന്റെ വഴികള്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.എം.ഐ വികാരി ജനറല്‍ ഫാദര്‍ ജോസി താമരശ്ശേരിയുടെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും ചേര്‍ന്ന് ശശി തരൂരിനെ സ്വീകരിച്ചു. തുടര്‍ന്ന് വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചു. ഫാദര്‍ മാത്യൂസ് ചക്കാലക്കല്‍, ഫാദര്‍ ജെയിംസ് മുല്ലശ്ശേരി, ഫാ.തോമസ് കല്ലുകളും, കെ.എസ്. ശബരിനാഥ് എക്‌സ് എം.എല്‍.എ , അജി കെ ജോസ്, റെജി ചാവറ, വിനു.ജെ ജോര്‍ജ്, ഐസണ്‍ വഞ്ചിപ്പുരക്കല്‍, ജെയിംസ് പി ജേക്കബ്, മൈക്കിള്‍ സിറിയക്, ഫാദര്‍ ആന്റണി കാഞ്ഞിരത്തിങ്കല്‍, ബിജു വലിയമല, അന്നമ്മ മാണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments