മുരിക്കുംപുഴ തോണിക്കടവ് റോഡിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാണിസി കാപ്പന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 21.6 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. മുരിക്കുമ്പുഴ വായനാശാല ജംഗ്ഷനില്‍ നടന്ന നിര്‍മ്മാണ ഉദ്ഘാടനം മാണിസി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. മഴക്കാലത്ത് ഈ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പതിവായിരുന്നു. ഓടയുടെ പ്രശ്‌നവും റോഡ് താഴ്ന്നു കിടക്കുന്നതുമാണ് വെള്ളക്കെട്ടിന് കാരണമായത്. അര കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളക്കെട്ട് ഈ റോഡില്‍ പതിവായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ മായാ രാഹുലും മുരിക്കുമ്പുഴ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ഉണ്ണി അശോകയും, ഔസേപ്പ് കുട്ടി ഇടിമണിക്കലും മാണി എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റോഡിന് ഫണ്ട് അനുവദിച്ചത്. റോഡ് ഉയര്‍ത്തി ടാറിങ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി. ഇതോടൊപ്പം ഐറിഷ് ഡ്രൈനേജ് സംവിധാനവും ഉള്‍പ്പെടുത്തും. മലിനജലം പിഡബ്ല്യുഡി ഓടയിലേക് കൂട്ടിച്ചേര്‍ക്കാന്‍ ആണ് മറ്റൊരു പദ്ധതി. മുരിക്കുമ്പുഴ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഉണ്ണി അശോക അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ മായാ രാഹുല്‍, കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, സതീഷ് ചൊള്ളാനി, ജിമ്മിച്ചന്‍ താഴത്തേല്‍, സിജി ടോണി, ആനി ബിജോയ്, ലിസികുട്ടി മാത്യു, അഡ്വ. വി ടി സജല്‍, ഔസെപ്പച്ചന്‍ ഇടമണ്ണിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments