ഉല്‍സവ ലഹരിയില്‍ കിടങ്ങൂരും പരിസരവും. കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. രാത്രി 9 ന് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടിന്റേയും മേല്‍ശാന്തി സുബ്രഹ്‌മണ്യന്‍ വിശാഖിന്റേയും മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റ് ചടങ്ങുകളില്‍ 100 കണക്കിന് ഭക്തര്‍ പങ്കുചേര്‍ന്നു. വൈകീട്ട് 5 ന് ചുറ്റുവിളക്ക് സമര്‍പ്പണവും തിരുവരങ്ങിന്റെ ഉദ്ഘാടനവും തന്ത്രി മുഖ്യന്‍ താഴമണ്‍ മഠം കണ്ഠരര് രാജീവര്, താന്ത്രിക കുലപതി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഭക്തജനങ്ങളും തിരി തെളിച്ച് സമര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. തിരുവരങ്ങില്‍ കഥകളിപ്പദക്കച്ചേരി അരങ്ങേറ്റവും തുടര്‍ന്ന് നങ്ങ്യാര്‍ കൂത്തും അരങ്ങേറി. മാണി മാധവ ചാക്യാര്‍ ഗുരുകുലത്തിലെ വാസന്തി നാരായണന്‍ നരസിംഹാവതാരം കഥയാണ് നങ്ങ്യാര്‍കൂത്തില്‍ അവതരിപ്പിച്ചത്. തിരുവുത്സവ ആഘോഷങ്ങളുടെ ആദ്യ ദിനത്തില്‍ വലിയ ഭക്തജനത്തിരക്കാണുണ്ടായിരുന്നത്. മാര്‍ച്ച് 3 ആറാം തിരുവുത്സവദിനത്തില്‍ കട്ടച്ചിറക്കാവടി ഘോഷയാത്ര നടക്കും. മാര്‍ച്ച് 6 ന് ഒന്‍പതാം ഉത്സവ ദിനത്തില്‍ കിടങ്ങൂര്‍ പൂരപ്രപഞ്ചത്തില്‍ പഞ്ചാരിമേളം, പാണ്ടിമേളം, കുടമാറ്റം തുടങ്ങിയവയും നടക്കും. മാര്‍ച്ച് 7 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments