അതിരമ്പുഴ മാര്‍ക്കറ്റ് മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് നിര്‍മ്മാണം മുടങ്ങിയതോടെ ഈ റോഡിനെ ആശ്രയിച്ചിരുന്ന ജനങ്ങള്‍ ദുരിതത്തിലായി. മാര്‍ച്ച് 15 മുതല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ കലുങ്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് പറഞ്ഞ ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം മറന്ന നിലയിലാണ്. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ മുടക്കിയാണ് കലുങ്ക് നിര്‍മ്മാണം ആരംഭിച്ചത്. ഈ തുകകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതോടെയാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. അധികൃതരുടെ അനാസ്ഥ മൂലം ഈ റോഡിനെ ആശ്രയിച്ചിരുന്ന പ്രദേശവാസികള്‍ ദുരിതത്തിലായി സമീപ സ്ഥലങ്ങളില്‍ നിന്നും അതിരമ്പുഴ മാര്‍ക്കറ്റിലേക്കും മെഡിക്കല്‍ കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി അടക്കമുള്ള സ്ഥലങ്ങളിലേക്കും എത്തേണ്ട ആളുകളാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലായത്. പാലത്തിനു കുറുകെ താല്‍ക്കാലിക നടപ്പാത ഒരുക്കിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം.എന്നാല്‍ ഈ വഴിയും സുരക്ഷിതമല്ലെന്നും ഇതുവഴി സഞ്ചരിക്കുന്നവര്‍ പറയുന്നു. അധികൃതരുടെ ആലോചനയില്ലാത്ത തീരുമാനം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പല സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ഇവിടെ ചൂണ്ടയിട്ടാണ് പ്രതിഷേധിക്കുന്നത്. പല വാഹന യാത്രികരും, മാര്‍ക്കറ്റ് ജംഗ്ഷനിലെ കലുങ്ക് ഭാഗത്ത് എത്തുമ്പോള്‍ മാത്രമാണ് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ വിവരം അറിയുന്നത്. ഇത് യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്.
0 Comments