പാലാ മുന്‍സിപ്പാലിറ്റി 12-ാം വാര്‍ഡില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അംഗന്‍വാടി താല്‍ക്കാലികമായി പ്രസ്തുത സ്ഥലത്ത് തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ തീരുമാനം. യുഡിഎഫ് നേതാക്കളും മുന്‍സിപ്പല്‍ കൗണ്‍സിലേഴ്‌സും കെട്ടിട ഉടമയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ധാരണയിലെത്തിയത്. അംഗന്‍വാടിയുടെ പ്രവര്‍ത്തനം തങ്ങളുടെ കെട്ടിടത്തില്‍ നിന്നും മാറ്റണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. മുന്‍സിപ്പാലിറ്റിയുടെ നിലവില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിലോ , കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ വെറുതെ കിടക്കുന്ന സ്ഥലത്തോ അംഗന്‍വാടി കെട്ടിടം പണിയുന്നതിന് വേണ്ടി സ്ഥലം അനുവദിച്ചു തരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രസ്തുത സ്ഥലം അനുവദിച്ച് ലഭിക്കുന്ന പക്ഷം അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിച്ചു നല്‍കാമെന്ന് പാല എം.എല്‍.എ മാണി സി കാപ്പന്‍ ഉറപ്പ് നല്‍കിയതായും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനിയും, വാര്‍ഡ് കൗണ്‍സിലര്‍ ജോസ് എടേട്ടും അറിയിച്ചു. വനിതാ ഹോസ്റ്റല്‍ മുറി അംഗന്‍വാടിയ്ക്കായി നല്‍കാന്‍ കഴിയില്ലെന്നും പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ നിലവിലുളള കെട്ടിടത്തില്‍ തുടരണമെന്നും നഗരസഭാ കൗണ്‍സില്‍ യോഗവും തിരുമാനിച്ചിരുന്നു.
0 Comments