വേനല്‍ കടുത്തതോടെ കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ തീപിടുത്തം വ്യാപകമാകുന്നു തീപിടുത്തമുണ്ടാകുന്ന സ്ഥലങ്ങളില്‍ ഓടിയെത്താന്‍ പാടുപെടുകയാണ് അഗ്‌നിരക്ഷാ സേന വേണ്ടത്ര സൗകര്യങ്ങളില്ലാത്തത് ഈരാറ്റുപേട്ടയിലെ അഗ്‌നിരക്ഷാ സേന പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുകയാണ്. ആവശ്യത്തിനു സംവിധാനങ്ങളില്ലാത്തതാണ് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സിന് തിരിച്ചടിയായിരിക്കുന്നത്. വേനല്‍ തുടങ്ങിയതോടെ മലയോര മേഖലകളില്‍ തോട്ടങ്ങളില്‍ തീ പിടിക്കുന്നത് നിത്യസംഭവമാണ്. മലയോര മേഖലയില്‍ ചെറിയ റോഡുകളിലൂടെ പോകാന്‍ സേനയ്ക്ക് ചെറിയ വാഹനങ്ങള്‍ ഇല്ല.ഇപ്പോള്‍ ഒരു വലിയ വാഹനം മാത്രമാണ് ഇവിടെയുള്ളത്. കൂടുതല്‍ ചെറിയ വാഹനങ്ങളും വലിയ വാഹനവും അനുവദിച്ചിട്ടില്ല. വെള്ളം പമ്പു ചെയ്യാന്‍ നല്ല മോട്ടറും ഇല്ല. ഉണ്ടായിരുന്ന ചെറിയ വാഹനം വര്‍ക്ക് ഷോപ്പിലുമാണ്. ഈരാറ്റുപേട്ട നഗരവും സമീപ പഞ്ചായത്തുകളിലും എപ്പോള്‍ വേണമെങ്കിലും അഗ്‌നിബാധ ഉണ്ടാകാവുന്ന അവസ്ഥയിലാണ്. ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുടെ ആവശ്യം വന്നാല്‍ പാലാ, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ട്. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി റോഡിലുണ്ടായ തീപിടുത്തത്തില്‍ ഫര്‍ണിച്ചര്‍-ഗോഡൗണും വാഹനവും കത്തിനശിച്ചിരുന്നു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയെങ്കിലും കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ഫോഴ്‌സിന്റെ കൂടെ സഹായത്താലാണ് തീയണയ്ക്കാന്‍ സാധിച്ചത്..വാഹനങ്ങളില്‍ വെള്ളം നിറക്കാനുള്ള സൗകര്യം പോലും ഇവിടെ ഇല്ല. വെള്ളം നിറക്കണമെങ്കില്‍ സമീപത്തു ആറ്റില്‍ എത്തി മോട്ടോര്‍ വെച്ച് വെള്ളം നിറക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. എന്നാല്‍ അപകടം സാഹചര്യങ്ങളില്‍ പലപ്പോഴും സാധ്യമാകാറില്ല. ഫയര്‍ ഫോഴ്സിലെ സ്റ്റാഫുകള്‍ക്ക് വെള്ളം കുടിക്കണമെങ്കില്‍ സമീപത്തെ വീട്ടില്‍ എത്തി വെള്ളം ചുമന്നുകൊണ്ട് വരേണ്ട സ്ഥിതി വിശേഷവും നിലവിലുണ്ട്. ഇത് മൂലം ജീവനക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. കുഴല്‍ക്കിണര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പേപ്പറില്‍ മാത്രമായി ഒതുങ്ങി പോവുകയാണ്.
0 Comments