കിടങ്ങൂരില്‍ വര്‍ണവിസ്മയക്കാഴ്ചയൊരുക്കി പൂര പ്രപഞ്ചം. തിങ്കളാഴ്ച ഒന്‍പതാം ഉത്സവത്തോടനുബന്ധിച്ച് രാത്രി 8 മണിയോടെയാണ് പൂര പ്രപഞ്ചം അരങ്ങേറിയത്. ഗജ ശ്രേഷ്ഠന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ തൃക്കിടങ്ങൂരപ്പന്റെ പൊന്‍ തിടമ്പേറ്റി പൊന്നിന്‍ ചൂടിയെത്തിയപ്പോള്‍ ഇരുവശങ്ങളിലുമായി ഗജവീരന്മാര്‍ എഴുന്നള്ളിപ്പിന് പ്രൗഡി പകര്‍ന്നു. കുന്നത്തുര്‍ രാമു, ആനയടി അപ്പു, ചെര്‍പ്പുളശ്ശേരി മണികണ്ഠന്‍, ചെമ്മരപ്പള്ളി മാണിക്യം, നെല്ലിയേക്കാട്ട് മഹാദേവന്‍, കുളമാക്കില്‍ രാജു, അരുണിമ പാര്‍ത്ഥസാരഥി തുടങ്ങിയ ഗജവീരന്മാരാണ് അണിനിരന്നത്. പഴുവില്‍ രഘുമാരാരുടെ പ്രമാണത്തില്‍ 111 കലാകാരന്മാര്‍ പങ്കെടുത്ത പഞ്ചാരിമേളം നാദവിസ്മയമൊരുക്കി. ചെണ്ടയിലും, ഇലത്താളത്തിലും, കൊമ്പിലും, കുഴലിലും പ്രഗത്ഭ കലാകാരന്മാരാണ് കിടങ്ങൂര്‍ പഞ്ചാരിയെ ആകര്‍ഷകമാക്കിയത്. മേളം മുറുകിയപ്പോള്‍ കുടമാറ്റം വര്‍ണാഭമായ കാഴ്ചകളൊരുക്കി. തിരുവമ്പാടി ദേവസ്വത്തിന്റെ മൂന്നൂറോളം കുടകള്‍ മാറി മാറി ഉയര്‍ത്തുന്നത് മതില്‍ക്കകത്ത് തിങ്ങി നിറഞ്ഞ ഭക്തജനസഞ്ചയം ആര്‍പ്പുവിളികളോടെയാണ് കണ്ടാസ്വദിച്ചത്. ആന പ്രേമികള്‍ക്കും മേള ആസ്വാദകര്‍ക്കും കുടമാറ്റത്തിന്റെ വര്‍ണക്കാഴുകള്‍ കാണാനിഷ്ടപ്പെടുന്നവര്‍ക്കും സര്‍വ്വോപരി എഴുന്നള്ളിയെത്തുന്ന തൃക്കിടങ്ങൂരപ്പന്റെ ദര്‍ശന സൗഭാഗ്യം പ്രതീക്ഷിച്ചെത്തിയവര്‍ക്കും ഭക്തിയും ആഹ്ലാദവും ആവേശവും പകര്‍ന്നു നല്‍കുകയായിരുന്നു കിടങ്ങൂര്‍ പൂര പ്രപഞ്ചം. വൈകീട്ട് 8 മണിയോടെ ആരംഭിച്ച താളമേള ദൃശ്യ വിസ്മയം 11 മണിയോടെയാണ് സമാപിച്ചത്. കിടങ്ങൂര്‍ ക്ഷേത്രമതില്‍ക്കകത്തും, പുറത്തുമായി ഭക്തസഹസ്രങ്ങള്‍ ഒന്‍പതാം ഉത്സവനാളിലെ പൂരപ്രപഞ്ചത്തില്‍ പങ്കുചേരാനെത്തിയിരുന്നു. അപര്‍ണ ബാബുവും സംഘവും നയിച്ച വയലില്‍ ഫ്യൂഷനും ആസ്വാദകരെ ആകര്‍ഷിച്ചു. 12:30 ഓടെയാണ് പള്ളിവേട്ട എഴുന്നള്ളിപ്പ് നടന്നത്.
0 Comments