തിരുവഞ്ചൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂര്‍ പുത്തന്‍പുരയ്ക്കല്‍ സിബി മാത്യു, തിരുവഞ്ചൂര്‍ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടില്‍ ലാലു എം.പി എന്നിവരെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ശനിയാഴ്ച രാത്രി തിരുവഞ്ചൂര്‍ സ്വദേശീയയായ ഷൈജുവിനെയാണ് കൊലപ്പെടുത്തിയത്. രാത്രിയില്‍ ഷൈജു വീട്ടിലേക്ക് പോകുന്ന വഴി പ്രതികളിലൊരാളായ ലാലുവിന്റെ വീടിനു സമീപം വച്ച് ലാലുവിനെയും സിബിയെയും കാണുകയും ഷൈജുവും ഇവരും തമ്മിലുള്ള സംസാരത്തെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും, സിബി കയ്യിലിരുന്ന ഹെല്‍മെറ്റ് കൊണ്ട് ഷൈജുവിന്റെ തലയ്ക്ക് അടിക്കുകയും, തുടര്‍ന്ന് മൂര്‍ച്ചയുള്ള നീളമുള്ള കത്തികൊണ്ട് കുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ നിലത്തുകിടന്ന ഇയാളെ വലിച്ച് കൊണ്ടുപോയി അടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രിയമായ പരിശോധനയില്‍ ഇവരാണ് പ്രതികളെന്നു കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് കുറ്റം സമ്മതിക്കുകയുമായിരുന്നു. അയര്‍ക്കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഒ മധു ആര്‍, എസ്.ഐ സജി ലൂക്കോസ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒ മാരായ ജിജോ ജോസ്, ശ്രീനിഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
0 Comments