Breaking...

9/recent/ticker-posts

Header Ads Widget

ചങ്ങനാശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.



ചങ്ങനാശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ്, കൂള്‍ലിപ്  എന്നിവയുടെ 36,000 ഓളം പാക്കറ്റുകള്‍ അടങ്ങിയ വന്‍ ശേഖരം ചങ്ങനാശ്ശേരി പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് പുത്തന്‍പീടിക വീട്ടില്‍ മുഹമ്മദ് സാനിദ് (23), തിരുവല്ല കാവുംഭാഗം ആലന്തുരുത്തി വേങ്ങ ഭാഗത്ത് കോതക്കാട്ട്ചിറ  രതീഷ് കുമാര്‍ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ മുന്‍സിപ്പല്‍ വാര്‍ഡിലെ വീട്ടില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി പോലീസും, ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നത്. കോട്ടയം ജില്ലയില്‍ സമീപകാലത്ത് നടത്തിയതില്‍ ഏറ്റവും വലിയ ഹാന്‍സ് വേട്ടയാണ്  ചങ്ങനാശ്ശേരിയില്‍ നടന്നത്. അന്യസംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി വാടകവീട്ടില്‍ സൂക്ഷിച്ചു വരികയായിരുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്ന വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് കടകളില്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഇവിടെ  സൂക്ഷിച്ചിരുന്നത്. ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി സനല്‍കുമാര്‍, ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്. ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ പ്രസാദ് ആര്‍. നായര്‍, ഷിനോജ്, എ.എസ്.ഐ സിജു കെ സൈമണ്‍, രഞ്ജീവ് ദാസ്, സി.പി.ഒ മാരായ മുഹമ്മദ്, തോമസ് സ്റ്റാന്‍ലി, അതുല്‍ കെ. മുരളി, അരുണ്‍,അജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഈ കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇവര്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു കൊടുക്കുന്നവരെപറ്റിയും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments