അപകടാവസ്ഥയിലായ തെങ്ങ് വെട്ടി മാറ്റണമെന്ന് ആവശ്യമുയരുന്നു. മുളക്കുളം ഗ്രാമ പഞ്ചായത്തിലെ ആപ്പാഞ്ചിറ കീഴൂര്‍ തോടിന്റെ നടുവിലെടുത്ത്പടി ഭാഗത്താണ് തെങ്ങ് മറിഞ്ഞു വീഴാറായി നില്‍ക്കുന്നത്. തോടിന്റെ സൈഡ് ഭിത്തി കെട്ടുന്നതിനായി വാനം തീര്‍ത്തപ്പോള്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങിന്റെ വേര് മുറിഞ്ഞ് മണ്ണ് ഇളകി പോയ നിലയിലാണ്. കാറ്റും മഴയും വരുന്ന സാഹചര്യത്തില്‍ മണ്ണ് ഒലിച്ചു പോയി 11 കെ.വി ലൈനിലേക്ക് ചേര്‍ന്ന് നില്‍ക്കുന്ന നാലോളം തെങ്ങുകള്‍ കടപുഴകി വീണ് അപകടം ഉണ്ടാകാനുളള സാഹചര്യമാണുള്ളത്. തെങ്ങുകള്‍ വെട്ടി മാറ്റി ഈ വഴിയിലൂടെ നടന്നു പോകുന്ന നൂറുകണക്കിന് കുട്ടികളും സ്ത്രീകളുമടക്കം ഉള്ള യാത്രക്കാരുടെ ജീവന്‍ രക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിച്ചു. പെരുവ കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ക്കും മുളക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പ്രദേശവാസികള്‍ പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. നടപടി ഉണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിജു കുര്യന്‍ പറഞ്ഞു.
0 Comments