എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ല എന്ന പ്രഖ്യാപനം നടത്തിയാണ് വീണ്ടും അധികാരത്തില്‍ കയറിയത് എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്ന ഏപ്രില്‍ 1ന് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കോട്ടയം ഗാന്ധി സ്‌ക്വയറിന് സമീപം പന്തം കൊളുത്തി നടത്തിയ കരി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിറ്റില്‍ പോലും അഴിമതി കുത്തി നിറച്ച് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധനവ് നടപ്പാക്കിക്കൊണ്ട് കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു. യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ മുന്‍ കേന്ദ്രമന്ത്രി, പിസി തോമസ് , മുന്‍ എം.പി. ജോയ് എബ്രഹാം, യുഡിഎഫ് കോട്ടയം ജില്ല കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, യു ഡി എഫ് കോട്ടയം ജില്ലാ സെക്രട്ടറി അസീസ് ബഡായി , കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, ടി. സി അരുണ്‍ , കേറ്റി ജോസഫ് , ടോമി വേദഗിരി ,എന്‍ ഐ മത്തായി, റഫീഖ് മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments