കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന രോഗികള്‍ക്ക് രാത്രികാല ചികിത്സ ലഭ്യമാകുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഹൗസ് സര്‍ജന്മാര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ രാത്രികാല സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമാകുന്നത്. രാത്രികാലങ്ങളില്‍ ചികിത്സ തേടിയെത്തുന്നവര്‍, ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടാവുന്നത്. സിസിടിവി സംവിധാനവും സുരക്ഷാ ജീവനക്കാരുടെ സേവനവും ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഡോക്ടര്‍മാര്‍ രാത്രികാല സേവനത്തിന് തയ്യാറാകുന്നുള്ളൂ. ഒട്ടുമിക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ മാത്രമാണ് നിലവില്‍ ഒ പി പ്രവര്‍ത്തിക്കുന്നത്. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെള്ളിയാഴ്ച രാത്രി വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തിച്ച പെണ്‍കുട്ടിയെ ഒടുവില്‍ മെഡിക്കല്‍ കോളേജില്‍ എത്തി ചികിത്സ തേടി മടങ്ങേണ്ട സാഹചര്യമാണ് വന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ കഴിയുമെങ്കിലും സാധാരണക്കാര്‍ക്ക് വൈദ്യസഹായത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ തന്നെയാണ് ആശ്രയിക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പകല്‍ മുഴുവന്‍ സമയവും വൈദ്യസഹായം ലഭ്യമാക്കുവാന്‍ കഴിയാതെ വരുന്നതും സാധാരണക്കാരായ പാവപ്പെട്ട രോഗികള്‍ക്ക് ദുരിതമായി മാറിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ രാത്രികാല സേവനം നല്‍കാന്‍ തയ്യാറാകാതെ വരുന്നതോടെ മെഡിക്കല്‍ കോളേജുകളില്‍, രോഗികളുടെ തിരക്കും കൂടിയിട്ടുണ്ട്.
0 Comments