മണിപ്പൂരില്‍ നടക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന വംശഹത്യ ആണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മെല്ലെ പോക്കും, പ്രധാനമന്ത്രിയുടെ മൗനവും ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. മാസങ്ങള്‍ ആയിട്ടും കത്തിപ്പടരുന്ന കലാപം അടിച്ചമര്‍ത്താതെ കേന്ദ്രസര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നത് വിഘടനവാദത്തിന് നല്‍കുന്ന പ്രോത്സാഹനമാണെന്നും, രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താനായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകാന്‍ സാധിച്ചിട്ടുള്ളത് കോണ്‍ഗ്രസിനു മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ കുരിശുപള്ളി കവലയില്‍ നടന്ന മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടത് പഞ്ചാബിലെ വിഘടനവാദികളെ അടിച്ചമര്‍ത്തിയതിന്റെ പേരിലാണ്. കുടുംബത്തിന് വ്യക്തിപരമായി ഉണ്ടായ നഷ്ടങ്ങള്‍ നോക്കാതെ രാജ്യത്തിനുവേണ്ടി ഇന്നും നിലകൊള്ളുന്ന ഗാന്ധി കുടുംബത്തെയാണ് പ്രധാനമന്ത്രിയും ബിജെപിയും മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ് അധ്യക്ഷതവഹിച്ചു
0 Comments