ഏറ്റുമാനൂര്‍ നഗരസഭയില്‍ തെരുവ് വിളക്കുകളുടെ വിതരണത്തില്‍ അഴിമതിയും സജനപക്ഷപാതവും ആരോപിച്ച് നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. നഗരസഭയിലെ സ്ട്രീറ്റ് ലൈറ്റ് വിവാദവുമായി ബന്ധപ്പെട്ട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ബി ജയ്‌മോഹനന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. പല കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ നല്‍കാതിരുന്നതും പ്രതിഷേധത്തിന് കാരണമായി. അവധിയില്‍ പോയ എന്‍ജിനീയര്‍ക്ക് പകരം ചുമതല ആര്‍ക്കും നല്‍കാത്തതും പുതിയ വിവാദങ്ങളിലേക്ക് വഴി തുറന്നു.. കൗണ്‍സില്‍ തീരുമാനപ്രകാരം മുഴുവന്‍ വാര്‍ഡുകളിലേക്കും 25 സ്ട്രീറ്റ് ലൈറ്റുകള്‍ വീതം നല്‍കുമെന്ന തീരുമാനം നടപ്പാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ സ്ട്രീറ്റ് ലൈറ്റ്മായി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ കസ്റ്റോഡിയനായ നഗരസഭ എന്‍ജിനീയര്‍ കഴിഞ്ഞ 21 മുതല്‍ അവധിയില്‍ പോയത് നഗരസഭ അധികൃതര്‍ അറിയാതെ പോയതും ഭരണപ്രതിപക്ഷ ഭേദമെന്യേ കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിന് കാരണമായി.. ആരോപണ പ്രത്യാരോപണങ്ങളുമായി എല്‍ഡിഎഫും ബിജെപിയും ശബ്ദായമാനമായ രംഗങ്ങളാണ് സൃഷ്ടിച്ചത്. അവധി ദിനം ആയിരുന്ന ജൂണ്‍ പത്താം തീയതി രാത്രി ഏഴിന് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും കരാറുകാരന്‍ സാധനങ്ങള്‍ എടുത്തുകൊണ്ടു പോകുന്ന തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈസ് ചെയര്‍മാന്‍ പുറത്തുവിട്ടിരുന്നു. കൂടാതെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ഫയലുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും വിജിലന്‍സിന് നല്‍കിയ പരാതിയിലും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉപകരണങ്ങള്‍ കൈമാറിയിട്ടുള്ളത് എന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധനകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പ്രതിസന്ധികളിലേക്ക് നഗരസഭയെ എത്തിച്ച നിലവിലെ വൈസ് ചെയര്‍മാനും മുന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും ഭരണസമിതിയോട് അകല്‍ച്ച പുലര്‍ത്തിയാണ് നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫ് പ്രതിനിധികളായ ഇഎസ്. ബിജു, പി. എസ് വിനോദ്, ഡോക്ടര്‍ എസ്.ബീന , ബിജെപി പ്രതിനിധികളായ ഉഷ സുരേഷ്, സിന്ധു കറുത്തേടം, സുരേഷ് വടക്കേടം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.
0 Comments