ജലപാതയില്‍ പോളയും പായലും നിറഞ്ഞ് പുറംലോകത്തെത്താന്‍ കഴിയാതെ കുടുങ്ങിപ്പോയ കുടുംബത്തെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്തി. നീണ്ടൂര്‍ കല്ലറ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന താമരച്ചാല്‍ ഭാഗത്തെ ചിറകളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് പായലും പോളയും സഞ്ചാര വഴിയായ ജലപാതയില്‍ നിറഞ്ഞതോടെ വിഷമത്തിലായത്. മഴ കനത്തതോടെ ചില കുടുംബങ്ങള്‍ ചിറയ്ക്കു പുറത്തേക്കു പോയെങ്കിലും ഒരു കുടുംബം ഇവിടെ പെട്ടുപോയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി കുടുങ്ങിപ്പോയ കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു. കടുത്തുരുത്തിയില്‍ നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്‌സ് സംഘവും ചേര്‍ന്നാണ് പായലും പോളയും വകഞ്ഞു മാറ്റി ചങ്ങാടത്തില്‍ ഇവരെ പുറത്ത് എത്തിച്ചത്. ബണ്ട് റോഡുകള്‍ വെള്ളത്തില്‍ ആവുകയും ഏക ആശ്രയമായ ചങ്ങാടത്തില്‍ കയറി രക്ഷപ്പെടാനുള്ള കുടുംബത്തിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തതോടെ ഇവര്‍ വാര്‍ഡ് മെമ്പറായ പുഷ്പമ്മ തോമസിനെ വിവരം അറിയിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തുകയുമായിരുന്നു . കിഴക്കന്‍ വെള്ളം ഒഴുകിയെത്തുന്നതോടെ പായലും പോളയും കൂടുതലായി താമരച്ചാല്‍ പ്രദേശത്ത് അടിഞ്ഞുകൂടുകയായിരുന്നു. ഇതോടെ വള്ളമോ ചങ്ങാടമോ ഇറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. പായലും പോളയും നീക്കം ചെയ്യുവാന്‍ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം നടപടി സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാതെ പോയിന്നു. പ്രശ്‌നത്തിനു അടിയന്തരമായി പരിഹാരം ഉണ്ടാക്കുമെന്നും കാര്‍ഷിക മേഖലയ്ക്ക് കൂടി ഗുണം വരുന്ന രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്നും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഹൈമി ബോബി പറഞ്ഞു.
0 Comments