പാലാ മൂന്നാനിയില്‍ ജനവാസ കേന്ദ്രത്തിനു സമീപം മൂന്നാനിയില്‍ വാഹന സര്‍വീസ് സെന്റര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ജനങ്ങളുടെ ജീവനും, ആര്യോഗ്യപരിരക്ഷയ്ക്കും കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കാനും മൂന്നാനി ജനകീയ സംരക്ഷണ സമിതിയ്ക്ക് നഗരസഭക്കെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുക്കേണ്ട സ്ഥിതിയുണ്ടായത് നഗരസഭയുടെ ഭരണപരാജയവും പിടിപ്പുകേടും കൊണ്ടാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും മണ്ഡലം ചെയര്‍മാന്‍ തോമസ് ആര്‍ വി ജോസും ആരോപിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള മൂന്നാനിയിലെ റെസിഡെന്‍ഷ്യല്‍ ഏരിയായില്‍ ജലമലിനീകരണത്തിന് കാരണമാകുന്ന വന്‍കിട സര്‍വ്വീസ് സെന്ററിന് ബില്‍ഡിംഗ് പെര്‍മിറ്റും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റും നിയമങ്ങള്‍ അട്ടിമറിച്ച് നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. വിവാദ കെട്ടിടത്തില്‍ ജനങ്ങളുടെ താല്‍പര്യത്തിനെതിരായ ഏതൊരു സംരംഭവും വരുന്നതു തടയാന്‍ ലൈസന്‍സ് അനുവദിക്കാതിരിക്കാനുള്ള തീരുമാനത്തിന് യുഡിഎഫ് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും, പൗരസമിതിയുടെ തീരുമാനത്തിനൊപ്പം നിന്ന് പ്രതിഷേധങ്ങളുടെ ഭാഗമായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
0 Comments