മണിപ്പൂരിലെ സംഭവങ്ങള്‍ തികച്ചും നിരാശാജനകമാണെന്നും ക്രൈസ്തവ സമൂഹത്തിന് കേന്ദ്ര സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതായും തോമസ് ചാഴിക്കാടന്‍ MP. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തോമസ് ചാഴികാടന്‍. ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാന്‍ ചില രാഷ്ട്രീയ ശക്തികള്‍ ശ്രമിക്കുകയാണ്. ഹരിയാനയിലെ സമീപകാല സംഭവവികാസങ്ങള്‍ മറ്റൊരു ഉദാഹരണമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസ് കെ മാണി എംപിക്കൊപ്പം താന്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. ന്യൂനപക്ഷ കുക്കി വിഭാഗങ്ങളില്‍ നിന്നുള്ളവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സാഹചര്യം ആണുള്ളത്. 260 ഓളം ക്രിസ്ത്യന്‍ പള്ളികള്‍ അഗ്‌നിക്കിരയാക്കി. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങള്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നമ്മുടെ രാജ്യത്തിന് ആഗോളതലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയാതായും ചാഴിക്കാടന്‍ പറഞ്ഞു. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കുകയും സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുക, ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ ഉടന്‍ നീക്കം ചെയ്യുക, സംഘര്‍ഷത്തിനു പിന്നിലെ കാരണങ്ങള്‍ പഠിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കുക, എല്ലാ ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കുകയും അവരുടെ പുനരധിവാസം സമയബന്ധിതമായി ഉറപ്പാക്കുകയും ചെയ്യുക, അക്രമത്തില്‍ തകര്‍ന്ന എല്ലാ ആരാധനാലയങ്ങളും സര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുക എന്നീ ആവശ്യങ്ങളും എംപിഉന്നയിച്ചു.
0 Comments