പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുവാന്‍ ഓപ്പറേഷന്‍ ഡ്രൈ ഡേയുമായി കളത്തൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ജനപ്രതിനിധികളും ഒന്നിച്ചു. വിദ്യാര്‍ത്ഥികളിലൂടെ സ്വന്തം കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വലിയ സന്ദേശം എത്തിക്കുവാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതരും പിടിഎയും. ഡ്രൈ ഡേ ആചരണങ്ങളിലൂടെ കൊതുകുകള്‍ വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇവര്‍ ഓരോ വീടുകളിലും കയറിയിറങ്ങി കാതോടു കാതോരം സന്ദേശം കൈമാറുകയാണ്. എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാലയത്തിലും എല്ലാ ശനിയാഴ്ചകളിലും സ്വന്തം സ്ഥാപനങ്ങളിലും എല്ലാ ഞായറാഴ്ചകളിലും സ്വന്തം വീടുകളിലും ഡ്രൈ ഡേ ആചരിക്കുവാനുള്ള സന്ദേശവും അതിനായുള്ള ശ്രമങ്ങളും ആണ് ഈ കൂട്ടായ്മ നല്‍കുന്നത്. വീടും പരിസരവും പരമാവധി വൃത്തിയാക്കി ഇടുവാന്‍ നിര്‍ബന്ധിക്കുകയും വീടും പരിസരവും നിരീക്ഷിച്ചാല്‍ വെള്ളം കെട്ടിക്കിടക്കുവാന്‍ സാധ്യതയുള്ള മറ്റു ഉറവിടങ്ങള്‍ കണ്ടെത്തുവാന്‍ കഴിയുമെന്നും വിശദീകരിച്ചു കൊണ്ടാണ് വീട് വീടാന്തരം കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്‌കൂളിന് പരിസരത്തെ 500 ഓളം വീടുകളിലാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികളും ജനകീയ കൂട്ടായ്മയും ബോധവല്‍ക്കരണം നടത്തുന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ പ്രകാശന്‍ , വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കൂടിയായ അല്‍ഫോന്‍സാ ജോസഫ്, പിടിഎ പ്രസിഡണ്ട് ബാബു, എം പി ടി എ പ്രസിഡണ്ട് അനു സുജന്‍, പിടിഎ വൈസ് പ്രസിഡണ്ട് അനീഷ് ജോര്‍ജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വീട് വിടാന്തരം കയറിയുള്ള ഡ്രൈഡേ സന്ദേശം കൈമാറുന്നത്.
0 Comments