കളത്തൂര്‍ ഗവ യു.പി സ്‌കൂളില്‍ ജനാധിപത്യ രീതിയില്‍ നടന്ന സ്‌കൂള്‍ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് പുത്തന്‍ അറിവ് പകര്‍ന്നു നല്‍കി. പൊതുതെരഞ്ഞെടുപ്പു രീതിയില്‍ ഇലക്ഷന്‍ കമ്മീഷണര്‍ കൂടിയായ ഹെഡ്മാസ്റ്റര്‍ ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിക്കുകയും നമ്മനിര്‍ദേശപത്രിക സ്വീകരിക്കുകയും പിന്‍വലിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. സൂക്ഷ്മ പാര്‍ശോധന നടത്തി നോമിനേഷന്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് പൊതുവേദി ഒരുക്കി. തെരഞ്ഞെടുപ്പ് ചിഹ്നം വിദ്യാര്‍ത്ഥികളുടെ താല്പര്യ പ്രകാരം നിര്‍ദ്ദേശിക്കാനുള്ള അവസരവും നല്‍കി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സജീവമായി പങ്കുചേരുന്നതിനും വോട്ടുകള്‍ അസാധുവായി പോകാതിരിക്കുന്നതിനായി വോട്ടര്‍മാരായ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മോക്ക് തെരഞ്ഞെടുപ്പും നടത്തി. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍ ഐഡന്റിറ്റി കാര്‍ഡുമായി എത്തി വോട്ടുകള്‍ രേഖപ്പെടുത്തി. സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യത്തെക്കുറിച്ചും പ്രതിനിധികളെ രെഞ്ഞെടുക്കുന്നതിനെക്കുറിച്ചുമുള്ള അറിവ് പകര്‍ന്നു നല്‍കി. തെരഞ്ഞെടുപ്പ് ദിനത്തില്‍ രക്ഷിതാക്കളും സ്‌കൂളിലെത്തി കുട്ടികളുടെ തെരഞ്ഞടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക പ്രോത്സാഹനം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. പ്രകാശന്‍, റിട്ടേണിംഗ് ഓഫീസര്‍ സ്മിതാകുമാരി എന്നിവര്‍ ഇലക്ഷന്‍ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. പ്രിസൈഡിങ് ഓഫീസര്‍മാര്‍ ആയി സ്‌കൂള്‍ അധ്യാപകരാണ് രംഗത്ത് വന്നത്. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയും കുട്ടികളുടെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ കാണാനെത്തി.
0 Comments