കോട്ടയത്ത് ഹാന്‍സ് വില്പന നടത്തി വന്നയാളെ എക്‌സൈസ് സംഘം പിടികൂടി. 20 കിലോയോളം ഹാന്‍സ് പാക്കറ്റുകളും പിടിച്ചെടുത്തു. ഹരിയാന സ്വദേശിയും മൂലേടത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദേവേന്ദര്‍ സിംഗ് നെ കോട്ടയം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ P Y ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വിപണിയില്‍ മൂന്ന് ലക്ഷം രൂപ വില വരുന്ന പുകയില ഉല്പന്നങ്ങളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇയാളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോട്ടയം ടൗണിലും കോടിമത ഭാഗത്തും മഫ്തിയില്‍ നിരീക്ഷണം നടത്തിവരുകയായിരുന്നു. അന്യ സംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനികളിലും ലേബര്‍ ക്യാമ്പുകളിലും നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഹരിയാന സ്വദേശിയായ ഹാന്‍സ് മൊത്തക്കച്ചവടക്കാരന്റെ വിവരം ലഭിച്ചത്. തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കോട്ടയം ടൗണിലുള്ള പാന്‍ ഷോപ്പില്‍ ആവശ്യക്കാരായി എത്തുകയും ആളറിയാതെ എക്‌സൈസുകാര്‍ക്ക് ഹാന്‍സ് നല്‍കുകയുമായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ചെറിയ വിലയില്‍ പുകയില ഉല്പന്നങ്ങള്‍ വാങ്ങി വന്‍ ലാഭത്തിന് കോട്ടയം ടൗണില്‍ വില്‍പ്പന നടത്തി വരുകയായിരുന്നു ഇയാള്‍. പ്രതിയുടെ പാന്‍ ഷോപ്പില്‍ നിന്നും താമസ സ്ഥലത്ത് നിന്നുമാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. പ്രതിക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ P Y ചെറിയാന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സബിന്‍ T, പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവ് R K, മനോജ് കുമാര്‍ D, കണ്ണന്‍ C , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ് K നാണു, ശ്യാംകുമാര്‍ എസ്, ലാലു തങ്കച്ചന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമ്പിളി K.G, സോണിയ P V എന്നിവര്‍പങ്കെടുത്തു.
0 Comments