മേലമ്പാറ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ മഹാഗണപതി ഹോമവും ആനയൂട്ടും സംഘടിപ്പിച്ചു. മധ്യ തിരുവിതാംകൂറില്‍, ആനക്കമ്പത്തിന് പേര് കേട്ട അമ്പാറതേവരുടെ മുന്നില്‍ ഇടവേളക്ക് ശേഷമാണ് ഗജവീരന്മാര്‍ അണിനിരന്നത്. ആനയൂട്ടില്‍ പങ്കാളികളായ ഗജവീരന്‍മാരെ അമ്പലം ജംഗ്ഷനില്‍ നിന്നും ക്ഷേത്രാങ്കണത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മറ്റപ്പള്ളി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെ കര്‍മികത്വത്തിലായിരുന്നു മഹാഗണപതിഹോമം. ആനയൂട്ട് ഗവ.ചീഫ് വിപ്പ് എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍ മനോജ് ബി നായര്‍,ധര്‍മ്മശാസ്താ വേദാന്ത പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപന ഫലകം അനാച്ഛാദനം ചെയ്തു. തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി മുഖ്യ അതിഥിയായി പങ്കെടുത്തു. ഗജരാജന്‍ ഈരാറ്റുപേട്ട അയ്യപ്പന്റെ ഉടമ മാനുവല്‍ തോമസ്, ആന ലോകത്തെ അതുല്യ ശബ്ദ സാന്നിധ്യം ശൈലേഷ് വൈക്കം, മികച്ച ആന പരിപാലകന്‍ മനോജ് കുന്നന്താനം തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. പുതുപ്പള്ളി കേശവന്‍, ഭാരത് വിനോദ്, കിരണ്‍ നാരായണന്‍കുട്ടി, മധുരപ്പുറം കണ്ണന്‍, മുണ്ടയ്ക്കല്‍ ശിവനന്ദന്‍, കാഞ്ഞിരംങ്ങാട്ട് ശേഖരന്‍, വേണാട്ട്മറ്റം ഗോപാലന്‍ കുട്ടി, വേണാട്ട്മറ്റം കല്യാണി, പുതുപള്ളി സാധു തുടങ്ങിയ ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത്. 100 കണക്കിന് ഭക്ത ജനങ്ങളും, ആനപ്രേമികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
0 Comments