ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നിറപുത്തരി ആഘോഷച്ചടങ്ങുകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി പത്മനാഭന്‍ സന്തോഷിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. കൊടിമരച്ചുവട്ടില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം കതിര്‍കറ്റകള്‍ ആനപ്പുറത്ത് എഴുന്നള്ളിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചശേഷം ക്ഷേത്രത്തിനുള്ളിലേ മണ്ഡപത്തില്‍ എത്തിച്ച് ഭഗവാന് സമര്‍പ്പിച്ച് പൂജകള്‍ക്ക് ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. ഭക്തര്‍ വിശ്വാസപൂര്‍വ്വം ഏറ്റുവാങ്ങുന്ന കതിര്‍ക്കറ്റുകള്‍ അവരവരുടെ ഭവനങ്ങളില്‍ എത്തിച്ച് പൂമുഖത്തോ പൂജ മുറിയിലോ നിലം തൊടാതെ തൂക്കിയിടും. അടുത്ത ഒരു വര്‍ഷക്കാലത്തേയ്ക്ക് ശുദ്ധ വൃത്തിയോടെ അത് സൂക്ഷിക്കും. മലബാര്‍ മേഖലയില്‍ ഇല്ലനിറ എന്ന പേരിലാണ് സമാനമായ രീതിയില്‍ നിറപുത്തരി ആഘോഷ ചടങ്ങുകള്‍ നടക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലും അവകാശമായാണ് നിറപുത്തിരിക്കുള്ള നെല്‍ക്കെതിരുകള്‍ സമര്‍പ്പിക്കുന്നത്. ഇതിനായി പ്രത്യേക സ്ഥലങ്ങളില്‍ നെല്‍കൃഷിയും നടത്തുന്നത് പതിവാണ്. ശബരിമല ക്ഷേത്രത്തില്‍ അടക്കം പ്രധാന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നിറപുത്തരി ആഘോഷങ്ങള്‍ ആചാര വിധിപ്രകാരം ആണ് നടത്തുന്നത്. നെല്‍ക്കെതിരുകള്‍ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നതും ആചാരഅനുഷ്ഠാനങ്ങളുടെ ഭാഗമാണ്.
0 Comments