ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ പാലായില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ ജോസ് തോമസ്, ജോസ് ആറ്റുപുറം, ഷാജി ആറ്റുപുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈനില്‍ വിജയകരമായ രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് ഫിനാലേ ഒരുക്കിയിരിക്കുന്നത്. കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഇന്‍കം ടാക്സ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, ജോസ് കെ മാണി എം പി, മാണി സി കാപ്പന്‍ എം എല്‍ എ, മുന്‍ ഡിജിപി ബി സന്ധ്യ ഐപിഎസ്, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോ, ചലചിത്ര സംവിധായകന്‍ സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലെ ഏറ്റവും മികച്ച പ്രാസംഗികന് ഒരു ലക്ഷം രൂപ സമ്മാനം നല്‍കും. രാവിലെ 9 മണിക്ക് തുടങ്ങി 12.30ന് പ്രസംഗ മത്സരം അവസാനിക്കും. തുടര്‍ന്ന് രണ്ട് മണി മുതല്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ ചലചിത്ര സംവിധായകന്‍ സിബി മലയില്‍ വിജയികളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നരമുതല്‍ മ്യൂസിക് ഷോയും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍മ ടാലന്റ് പ്രമോഷന്‍ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മാണിവയലില്‍, റെജി മോന്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
0 Comments