മുത്തോലി സ്വദേശി ശ്രേയ മരിയ മാത്യു ദേശീയ ബാഡ്മിന്റണ്‍ മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുന്നു. പാലാ സെന്റ് തോമസ് കോളേജ് കോംപ്ലക്‌സിലെ ഷിപ്‌സ് ബാഡ്മിന്റണ്‍ സ്‌കൂളില്‍ ആണ് ശ്രേയ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. 2022 മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഷിപ്‌സ് ബാഡ്മിന്റണ്‍ സ്‌കൂളില്‍ 23 കുട്ടികളാണ് പരിശീലനം നേടുന്നത്. ആറു വയസ്സ് മുതല്‍ 23 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. നവംബറില്‍ ഒഡീഷയില്‍ നടത്തുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള അവസരമാണ് ശ്രേയയ്ക്ക് ലഭിച്ചിരിക്കുന്നത്. തൊടുപുഴയില്‍ നടത്തിയ യോനെക്‌സ് സണ്‍റൈസ് സംസ്ഥാന സബ്ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 13 വയസ്സില്‍ താഴെ ഉള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും കരസ്ഥമാക്കിയാണ് ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്. മുത്തോലി സെന്റ് ജോസഫ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രേയ, മുത്തോലി വലിയ മംഗലത്ത് അവിനാശിന്റെയും ആശയുടെയും മകളാണ്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ 6 സ്വര്‍ണവും നാല് വെള്ളിയും നേടി. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രേയ പരിശീലനം നടത്തുന്നത്.
0 Comments