കോതനല്ലൂര്‍ വനിത സഹകരണ സംഘത്തില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിനെതിരെ ശക്തമായ നിയമ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നിരവധി പേരെ അവരുടെ അജ്ഞത ചൂഷണം ചെയ്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ വലിയ തട്ടിപ്പ് നടത്തിയിരിക്കുകയാണെന്ന് പതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ചെയര്‍മാനും ഡിസിസി ജനറല്‍ സെക്രട്ടറിയും മാഞ്ഞൂര്‍ പഞ്ചായത്ത് മെമ്പറുമായ സുനു ജോര്‍ജ് പറഞ്ഞു. തട്ടിപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതിയുമായി എത്തിയ ആവലാതിക്കാരെ പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പോലീസ് ശ്രമിച്ചതായും പരാതി ഇല്ലെന്ന് എഴുതി നല്‍കണമെന്ന് എസ്. ഐ ആവലാതിക്കാരോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വനിതാ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിനെതിരെ പരാതി നല്‍കിയാല്‍ തൊഴിലുറപ്പ് തൊഴില്‍ പോലും നിഷേധിക്കുമെന്ന് ആവലാതിക്കാരെ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. കോതനല്ലൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ജനകീയ സദസ്സില്‍ മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ലൂക്കോസ് മാക്കില്‍ അധ്യക്ഷനായിരുന്നു. പാവപ്പെട്ട പട്ടിണിപ്പാവങ്ങളെ മറയാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ കോതനല്ലൂര്‍ വനിതാ സഹകരണ സംഘം പ്രസിഡണ്ടിനെ കയ്യാമം വെച്ച് നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നും അതിനായി പ്രതിഷേധ സമരം ശക്തമാക്കുമെന്നും ലൂക്കോസ് മാക്കില്‍ പറഞ്ഞു. യുഡിഎഫ് നേതാക്കളായ അഡ്വക്കേറ്റ് മാനുവല്‍ വര്‍ഗീസ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സി.എം. ജോര്‍ജ്,തോമസ് കണ്ണന്തറ, ടോമി കാറുകുളം, ബിനോ സക്കറിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments