ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷിക്കുവാന്‍ നിലവിലെ അശാസ്ത്രീയമായ പല നിയമങ്ങളും മാറ്റി എഴുതണമെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം കുഴിപ്പുറം പറഞ്ഞു. നിലവിലെ എ ഐ ക്യാമറ പോലും ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും തൊഴില്‍മേഖലയെ ചൂഷണം ചെയ്യുന്ന അശാസ്ത്രീയ നിയമങ്ങള്‍ക്കെതിരെയും ആഗസ്റ്റ് 9ന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് മുന്നോടിയായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം കുഴിപ്പുറം. യോഗത്തില്‍ മേഖല പ്രസിഡന്റ് സിബി കുറുപ്പന്തറ അധ്യക്ഷനായിരുന്നു. സംഘടനാ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എച്ച് ഈക്ബാല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി സിറില്‍ നരിക്കുഴി, വിവിധ സംഘടന പ്രതിനിധികളായ യു എന്‍ തമ്പി, അനീഷ് മണി, സുമേഷ് വടയാര്‍, ജാഥ ക്യാപ്റ്റന്‍ ജെയ്‌സ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമര പ്രഖ്യാപന വാഹന പ്രചരണ ജാഥ രണ്ടാം തീയതി വൈകിട്ട് തിരുനക്കര മൈതാനത്ത് സമാപിക്കും.
0 Comments