ഐതിഹ്യങ്ങളുറങ്ങുന്ന വേദഗിരിമലയില്‍ മത്തന്‍ കൃഷിയുമായി പ്രകൃതി സ്‌നേഹികളായ സുഹൃത്തുക്കള്‍. പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് തപസ്സിരുന്നതായി പറയപ്പെടുന്ന വേദഗിരി മലയില്‍ മൂന്നര ഏക്കറോളം സ്ഥലത്താണ് മത്തന്‍ കൃഷിക്ക് നടത്തിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1200 ഓളം അടി മുകളിലാണ് വേദഗിരി മല. അതിരമ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ സ്ഥലത്ത് വാര്‍ഡ് മെമ്പര്‍ ജോജോ ആട്ടേലിന്റെ നേതൃത്വത്തില്‍ 1200 ഓളം വിവിധ ഔഷധസസ്യങ്ങളും നട്ടു പരിപാലിക്കുന്നുണ്ട്. ഈ ചെടികള്‍ക്ക് കാര്യമായ ചൂട് ഏല്‍ക്കാതിരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് മത്തന്‍ കൃഷി നടത്തുന്നത്. ഒരാഴ്ച മുമ്പ് നടന്ന ആദ്യ വിളവെടുപ്പില്‍ ആയിരം കിലോയോളം മത്തന്‍ ശേഖരിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. വിഷ രഹിത ജൈവകൃഷിയാണ് ഈ കൃഷിയുടെ പ്രത്യേകത. ഓണക്കാലത്ത് പച്ചക്കറി ക്ഷാമം പരിഹരിക്കാനുള്ള ശ്രമവും കൂടിയാണ് മത്തന്‍ കൃഷി. അതിരമ്പുഴ കൃഷിഭവന്റെ സഹായവും മത്തന്‍ കൃഷിക്ക് കാര്യമായി ലഭിച്ചതായി കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ ശ്രീനിവാസന്‍ പറഞ്ഞു. പ്രകൃതിയ്ക്ക് ഇണങ്ങുന്ന കൃഷി എന്ന നിലയില്‍ കൂടിയാണ് ജൈവ സമൃദ്ധമായ വേദഗിരി മലയില്‍ പുതിയ കൃഷിക്ക് തുടക്കം കുറിച്ചതെന്ന് വനമിത്ര അവാര്‍ഡ് ജേതാവ് കൂടിയായ ജോജോ ആട്ടയില്‍ പറഞ്ഞു. അതിരാവിലെയുള്ള മഞ്ഞും തുടര്‍ന്ന് ഏല്‍ക്കുന്ന കടുത്ത ചൂടും മത്തന്‍ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ലാഭനഷ്ടങ്ങളുടെ കണക്കിനപ്പുറം ഗ്രാമത്തിന് വിഷരഹിത മത്തന്‍ ഓണക്കാലത്ത് നല്‍കുവാനാണ് ഇരുവരും ചേര്‍ന്ന് നടത്തിയ കൃഷിയുടെ മുഖ്യ ലക്ഷ്യം.
0 Comments