വാഹനം തകരാറിലായി വഴിയില്‍ കുടുങ്ങിയതോടെ ഡ്രൈവര്‍ ഒടുവില്‍ വണ്ടി ഉപേക്ഷിച്ചു മുങ്ങി. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വാഹനം റോഡില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കി. 12 ദിവസങ്ങള്‍ക്ക് മുന്‍പ് റഫ്രിജറേറ്ററുമായി കോട്ടയത്തേക്ക് എത്തിയ ശേഷം കോയമ്പത്തൂരിലേക്ക് തിരികെ പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് യന്ത്ര തകരാറു മൂലം ഏറ്റുമാനൂരില്‍ എം.സി റോഡില്‍ ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. വാഹനം നന്നാക്കുവാന്‍ ഡ്രൈവര്‍ യു.പി സ്വദേശി രാഹുല്‍ ശര്‍മ്മ പലവട്ടം ശ്രമിച്ചെങ്കിലും കഴിയാതെ പോകുകയായിരുന്നു. ഇതോടെ ഭക്ഷണത്തിനും താമസത്തിനും സൗകര്യമില്ലാതെ വലിഞ്ഞ ഡ്രൈവര്‍ക്ക് നാട്ടുകാരാണ് ഒടുവില്‍ ആശ്രയമായത്. ഡ്രൈവറുടെ കുഴപ്പം കൊണ്ടാണ് വാഹനത്തിന് തകരാറ് സംഭവിച്ചതെന്നും, തനിക്ക് പ്രതിദിനം നാലായിരത്തോളം രൂപ നഷ്ടം ഉണ്ടാകുന്നതായും വാഹന ഉടമ നിലപാട് സ്വീകരിക്കുകയും സ്വന്തം നിലയില്‍ ഡ്രൈവര്‍ തന്നെ വാഹനം നന്നാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ ഡ്രൈവര്‍ ഒടുവില്‍ വാഹനത്തില്‍ നിന്നും ഡീസല്‍ ഊറ്റി വിറ്റു കിട്ടിയ പണവുമായി മുങ്ങുകയായിരുന്നു. ബസ് ബേയിലെ വാഹനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ യു എന്‍ തമ്പിയാണ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
0 Comments