Breaking...

9/recent/ticker-posts

Header Ads Widget

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിനായി ഒരുങ്ങുമ്പോള്‍ പോളിംഗ് ബൂത്തുകള്‍ അലങ്കരിക്കുന്നതിനുള്ള ചുമതല ഇത്തവണ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക്



പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിനായി ഒരുങ്ങുമ്പോള്‍ പോളിംഗ് ബൂത്തുകള്‍ അലങ്കരിക്കുന്നതിനുള്ള ചുമതല ഇത്തവണ കോളജ് വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കിയത്. എന്റെ വോട്ട് എന്റെ അവകാശം എന്ന സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി  ഉപതെരഞ്ഞെടുപ്പില്‍ സ്വീപ് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.രാജ്യത്ത് വോട്ടിങ് സാക്ഷരത വര്‍ധിപ്പിക്കുന്നതിനും വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ മുഖ്യപരിപാടിയാണ് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം).  വോട്ട് ചെയ്യാന്‍ എത്തുന്ന മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് സ്വീപിന്റെ ഭാഗമായി ബൂത്തുകളില്‍  പലഹാരങ്ങള്‍ വിതരണം ചെയ്യും. റാഗി കുക്കീസ്, ഡ്രൈ ഫ്രൂട്ട്, നട്‌സ് ഇവയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കാണ് ഇവ വിതരണം ചെയ്യുന്നത്. എന്‍.എസ്.എസ്. വോളന്റിയേഴ്‌സിനെയും അങ്കണവാടി പ്രവര്‍ത്തകരെയുമാണ്  വിതരണം ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യാന്തര മില്ലറ്റ് വര്‍ഷാചരണത്തിന്റെ  ഭാഗമായിട്ടാണ്  പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇവയോടൊപ്പം കുട്ടികള്‍ക്ക് ബലൂണുകളും സ്വീപ് നല്‍കുന്നുണ്ട്. ബൂത്തുകള്‍ അലങ്കരിക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥികളെയും, ശുചിത്വ മിഷനെയുമാണ്  ചുമതലപ്പെടുത്തിയിരിക്കുന്നത്.  62 ബൂത്തുകളാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ അലങ്കരിക്കുന്നത്. ഇത് ഒരു മത്സരയിനമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക്  നല്‍കിയിരിക്കുന്നത്. ഇതില്‍ വിജയിക്കുന്ന ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് ഹൗസ് ബോട്ടില്‍ ഒരു ദിവസം ചെലവഴിക്കുന്നതിനുള്ള അവസരം ഒരുക്കും. പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ ഉപയോഗിച്ചാണ് ബൂത്തുകള്‍ അലങ്കരിക്കുന്നത്. കൊങ്ങാണ്ടൂരിലും, അയര്‍ക്കുന്നത്തും, കുറവിലങ്ങാട് ദേവമാതാ കോളജിലെ വിദ്യാര്‍ത്ഥികളാണ് അലങ്കാരങ്ങള്‍ നടത്തിയത്. വോട്ടര്‍മാര്‍ക്കായി ലക്കി ഡ്രോ മത്സരവും സ്വീപ് ഒരുക്കുന്നുണ്ട്.  വോട്ടിംഗ് സൗകര്യം എങ്ങനെ ഉണ്ടായിരുന്നു, ബൂത്തുകളുടെ സൗന്ദര്യം എങ്ങനെ ഉണ്ടായിരുന്നു എന്നീ ചോദ്യങ്ങള്‍ക്ക് അഞ്ചില്‍ എത്ര മാര്‍ക്ക് നല്‍കും എന്ന് രേഖപ്പെടുത്തി ബൂത്തുകളില്‍ വെച്ചിരിക്കുന്ന ലക്കി ഡ്രോയില്‍ നിക്ഷേപിക്കാം. ഇതില്‍നിന്ന് തെരഞ്ഞെടുക്കുന്ന വ്യക്തിക്ക് ആകര്‍ഷകമായ സമ്മാനവും നല്‍കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് സ്വീപ് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.




Post a Comment

0 Comments