മുട്ടുചിറ എച്ച്.ജി.എം. ഹോസ്പിറ്റലിന് സൗജന്യമായി ഡയാലിസിസ് മെഷീന്‍ നല്‍കി. യു.കെ. യിലുള്ള മുട്ടുചിറ സംഗമം അംഗങ്ങളാണ് മുട്ടുചിറ അല്‍ഫോന്‍സാ സ്നേഹതീരം ഓള്‍ഡേജ് ഹോം & കിഡ്നി റിലീഫ് ഫണ്ട് ട്രസ്റ്റ് വഴി, ഏഴരലക്ഷം രൂപ ചെലവില്‍ ഡയാലിസിസ് മെഷീന്‍ നല്‍കിയത്. ഡയാലിസിസ് മെഷീന്റെ വെഞ്ചരിപ്പുകര്‍മ്മം ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. അലക്സ് പണ്ടാരക്കാപ്പില്‍ നിര്‍വ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പി.ജെ. ജോസഫ് പണ്ടാരക്കാപ്പില്‍ ട്രസ്റ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിര്‍ദ്ധനരായ കിഡ്നി രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന രീതിയില്‍ ട്രസ്റ്റ് നിര്‍ദ്ദേശിക്കുന്ന ആളുകള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്തുകൊടുക്കുന്ന ഒരു പദ്ധതി കൂടി യാണിത്. ട്രസ്റ്റിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് യു.കെ. മുട്ടുചിറ സംഗമത്തിലെ ഭാരവാഹികളും അംഗങ്ങളും രക്ഷാധികാരി ഫാ. വര്‍ഗ്ഗീസ് നടയ്ക്കലിന്റെ നേതൃത്വത്തില്‍ കിഡ്നി രോഗികള്‍ക്ക് സാന്ത്വനമേകുന്ന പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ 19 വര്‍ഷമായി മുട്ടുചിറയില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രസ്റ്റ് കടുത്തുരുത്തി, ഞീഴൂര്‍, മാഞ്ഞൂര്‍, മുളക്കുളം എന്നീ പ്രദേശങ്ങളിലുള്ള നിര്‍ദ്ധനരായ 62 കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് സുമനസ്സുകളായ വ്യക്തികളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് നല്‍കിവരുന്നുണ്ട്. ഇതോടൊപ്പം വൃദ്ധസദനം, വനിതകള്‍ക്കായി തണല്‍വീട്, കിടപ്പുരോഗികള്‍ക്കായി പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങളുടെ വിതരണം എന്നിവയും ട്രസ്റ്റ് നടത്തിവരുന്നു. സുമനസ്സുകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും അകമഴിഞ്ഞ പിന്തുണയോടും സഹകരണത്തോടും കൂടിയാണ് ട്രസ്റ്റ് ഈ പദ്ധതികള്‍ നടത്തിപ്പോരുന്നതെന്നും പ്രതിമാസം രണ്ടേകാല്‍ ലക്ഷം രൂപ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെലവഴിക്കുന്നതായും നിലവില്‍ രണ്ടു കോടി 15 ലക്ഷം രൂപ കിഡ്‌നി രോഗികളുടെ ചികിത്സയ്ക്കായി ട്രസ്റ്റ് ചെലവഴിച്ചതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ പി ജെ ജോസഫ് പണ്ടാരക്കാട്ടില്‍, ബിനോയ് അഗസ്റ്റിന്‍ കരിക്കാട്ടില്‍, കെ ജെ തോമസ് കടപ്പൂരാന്‍,അഡ്വക്കറ്റ് ജോസ് . ജെ കുഴിവേലില്‍, ജോണിക്കുട്ടി മാത്യു മാഞ്ചിറയില്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments